Friday, 5 December 2014

സീതായനം(കവിത)



കവിത
    
        സീതായനം .   


പാതിവഴിയി.ല്‍  ഉപേക്ഷിച്ചു പോയതാം
സുസ്വര സ്നേഹപന്‍ഥാവിലെ യാത്രിയെ
ഓര്‍മ്മത്തുരുത്തി.ല്‍ വിരുന്നിനെത്തും ചെറു
പക്ഷിയെപോല്‍ എന്നു കാണുമെന്നോരുവാ.ന്‍
ആവതില്ലാ,ഹൃത്തില്‍ ദീന ദീനം കിട-
ന്നാര്‍ത്തിരമ്പുന്നുണ്ടൊഴുകാത്ത കണ്ണുനീ.ര്‍..
 
കാട്ടില്‍നില്‍ക്കുമ്പോ.ള്‍-- മറന്നുവല്ലോ, കൂട്ടു 
വന്നവ.രെല്ലാം  തിരിച്ചു പോയെന്നതും,
മിണ്ടാതൊളിച്ചു കടന്നതാണെന്നതും,
കാടാണു ഭേദം എന്നോര്‍ത്തു ചിരിച്ചതും.
..
കാടൊരു പച്ചപ്പുതപ്പിനാ.ല്‍ ,പുത്രിയെ
ന്നോണമിവളെ  പിടിച്ച ണ ച്ച പ്പൊഴും
ഓര്‍ത്തതില്ലല്ലോ പ്രിയമുള്ളോരാളുക.ള്‍
തീര്‍ത്തുതരുന്ന ദുരിത പര്‍വങ്ങളെ.

സീത,സീതേതിയാമന്ത്രണങ്ങളാ.ല്‍
വന്നില്ലൊരാളും ഈ കണ്ണുനീരൊപ്പുവാ.ന്‍.

കാടിന്‍റെയുള്ളിലുപേക്ഷിച്ചു പോയവ.ര്‍
കണ്ടില്ല - കാട്ടാറുപോലെ കൂലം കുത്തി –
യാര്‍ത്തലച്ചൊഴുകിത്തളര്‍ന്നു സമതല
ശാന്തിയിലേക്കു മടങ്ങിയ സീതയെ.

ആത്മവിലാപധ്വനി പോലെ കാട്ടിലെ
നീരോഴുക്കൊപ്പം കരഞ്ഞു തളര്‍ന്നതും
അമ്മയെപ്പോലെ വന്നോരോ കിളികളും
സാന്ത്വനഗീതിക.ള്‍ പാടി പറഞ്ഞതും,
കണ്‍ടമിടറിയും കാറ്റു ചൊല്ലിത്തന്ന-
ത്യാഗസഹന കഥക.ളി.ല്‍  കാടിന്‍റെ 
മൗനവും കണ്ണുനീരായി ,നീഹാരമായ്.
പച്ചിലത്തുമ്പി.ല്‍ വിതുമ്പിപൊലിഞ്ഞതും...

കാടിന്‍റെ പച്ച തണലിനും , ഉള്ളിലേ-
ക്കാഴ്ന്നിറങ്ങുന്ന പുലരിത്തണുപ്പിനും .
പച്ചത്തലപ്പു വകഞ്ഞു മാറ്റി കൈക.ള്‍
നീട്ടിപ്പിടിച്ചോടി വരും  സൂര്യരശ്മിയി.ല്‍
മകളേ. മകളേ എന്നാര്‍ത്തലച്ചെ.ത്തുന്ന
താഴ്വരക്കാറ്റിനും നന്ദി ചൊല്ലുന്നിവ.ള്‍.

തായ്ത്തടി ചേര്‍ത്തു പിടിച്ചെന്‍റെ"ഓമനേ
കണ്ണീരു  മായ്ക്കു’കെന്നോതും  മരങ്ങളും
തന്നൂ, സമാശ്വാസം എങ്കിലും തേങ്ങി
കരയുന്ന ഹൃത്തി.ല്‍ ചിലമ്പുന്നിതോര്‍മ്മക.ള്‍...

ദുരിത കാണ്ഡത്തിന്‍റെ യേടുക.ള്‍ വീണ്ടും
മറിയുന്നു ,വേണോ, കരയണോ ,ജാനകി?

( ശാന്തകുമാരി  വിജയന്‍)

Monday, 1 December 2014

കവിത -- സാന്ത്വനം.







                        സാന്ത്വനം



നീ യേതിരുളിന്‍റെ   മറവില്‍ നോവുമ്പൊഴും
 ഞാനുണ്ട്,  തിരി വെട്ടമായി.

നീ യേതൊരാഴത്തിലേക്കു  മുങ്ങുമ്പൊഴും
കുളിരായി ഞാനുണ്ടു  കൂടെ .

കൊടുവേനലില്‍  നീയെരിയുകില്‍  ഞാന്‍ മുകില്‍
തണുവായി  നിന്നില്‍  വീണലിയാം .

വേനലില്ലാതെ ,ഇരുട്ടുമില്ലാതെ  തൂ-
മഞ്ഞിന്‍  തണുപ്പും  വെളുപ്പും
നിറയട്ടെ  നിന്നില്‍ , ഞാന്‍ ഒരു സ്വപ്ന ചാരുത
പകരുന്ന  പൂക്കാലമാകാം ...


(ശാന്തകുമാരി  വിജയന്‍ )


Tuesday, 23 September 2014

കവിത

 



                                     സൂര്യകാന്തി



പൂവൊന്നുമില്ലെന്‍റെ   വാടിയില്‍ പൂമണം
തേടി  വരാറില്ല  ,തെന്നല്‍ പോലും .

ഇതളൂര്‍ന്നു  വീണതാം സ്വപ്നമൊന്നുണ്ടൊരു
കോണിലായ്    പ ടു മുള പൊട്ടി നില്‍പ്പൂ .
ഇരുള്‍ മൂടും  പാഴിലക്കൂനയ്ക്കരികില്‍  പൂ-
ചൂടാനായ്  മുക്കുറ്റി  കാത്തു നില്‍പ്പൂ .

 കാലിടറി ക്കൊണ്ടു   ഞാനീ വഴികളില്‍
 മുള്ളിനും  നോവറിയിച്ചിടാതെ
കണ്ണു  തുടച്ചെന്‍റെ   സങ്കടക്കെട്ടുകള്‍
 മാറത്തടുക്കി   പകച്ചു  നില്‍ക്കെ ,

കാല്‍ച്ചോട്ടില്‍ വീണു  കറുക ചോദിച്ചതെന്‍
കണ്‍കളില്‍ തേങ്ങിയോരശ്രു  ബിന്ദു.-
''ഏഴയാണെങ്കിലും  നിന്നുടെ നൊമ്പര -
പ്പാതി  ഞാനേല്‍ക്കാം ,  ഉടപ്പിറപ്പേ...''

മതി - മൊഴിയാടുന്ന  പുല്‍ക്കുരുന്നേ  , നിന്‍റെ
ഇമകളില്‍ മിന്നുന്ന  സ്നേഹ ബിന്ദു
തെളിയിച്ചു  നില്‍ക്കയാണാകാശം , തുടു  തുടു -
ത്തൊരു    സൂ ര്യകാന്തി യാകുന്നു  ചിത്തം.



( ശാന്തകുമാരി  വിജയന്‍ )




Monday, 22 September 2014

ഗാനം

                 



                                                 കറുകയായ്



ദേവാലയാങ്കണ  കറുകയായ്     തീര്‍ന്നൊരെന്‍
ജന്മം  നിന്‍  കാല്‍ക്കീഴിലല്ലോ...

 എന്‍  മിഴി പ്പീലിയില്‍  തങ്ങും  നീര്‍ത്തുള്ളികള്‍
തൃക്കരം നീട്ടി  നീ മായ്ക്കുകില്ലേ ...
ദേവാ, നിന്‍  തിരു മിഴി കോണിലെ  കര്‍പ്പൂര -
പ്രഭയെന്‍റെ  നേര്‍ക്കൊന്നു  നീളുകില്ലേ..?

തൊഴു കൈയ്യുമായ്  നിന്‍ പ്രദക്ഷിണ  വഴിയില്‍ ഞാന്‍
കാലങ്ങളായ്  കാത്തു നില്‍ക്കയല്ലോ..


ആയിരം കാല്‍പ്പാദപതനമേറ്റാലുമീ
കറുക തലപ്പിനു  നോവുകില്ലാ...
നിന്നെ വലംവച്ചു വച്ചെന്‍റെ  ദൈന്യങ്ങ--
ളൊക്കെയും  നീ യേറ്റു വാങ്ങിയല്ലോ !


ദേവാ, നിന്നായിരം  നാമ പുഷ്പ ങ്ങള്‍ ഞാന്‍
തൃ ക്കാലടികളില്‍  ചേര്‍ത്തു വെയ്ക്കെ ,
പഞ്ചാമൃതം   തൊട്ട  വിരലിനാല്‍ നീയെന്‍റെ
ഹൃദയ മണിവീണയിലൊന്നു  തൊട്ടാല്‍ ...

നിന്‍  മുഖ ദര്‍ശ ന പുണ്യത്താലെന്‍റെയീ
ജന്മം  സഫലമായ്  തീരുമല്ലോ ...
ദേവാലയാങ്കണ  കറുക യായ്  തീര്‍ന്നൊരെന്‍
 ജന്മം  നിന്‍ കാല്‍ക്കീഴിലല്ലോ...
ദേവാ.. ദേവാ ..


(ശാന്തകുമാരി വിജയന്‍)

Tuesday, 29 July 2014



പുഴ

പുഴയോരമെത്രയും  വിജനമായ്,ഇവിടെയീ
സന്ധ്യയും ഇരുളും,ഈ കാറ്റും,
ആയിരം കാലടിപ്പാടുകളും,ഈ മണ്ണില്‍
ആര്‍ദ്രമായ്‌ വീഴും നിലാവും, 
പുഴയേറ്റുപാടുന്ന ,പഥികരുടെ പാട്ടിനാ-
ലിടനെഞ്ചിലുലയുന്ന നോവും.
വിധുരമാത്മാവിന്‍റെ,  തിരുമുറിവിലൂറുന്ന
നിണമായി നീറിനില്‍ക്കുന്നു .

ആയിരം കൈവഴികള്‍ കൂടിപ്പിണഞ്ഞുല –
ഞ്ഞെങ്ങുനിന്നോഴുകിയെത്തുന്നൂ
അവിരാമമെവിടെക്കൊഴുകി നീങ്ങുന്നുവോ
പുഴ –ആ സമുദ്രവുമെങ്ങോ
അറിവില്ലിതൊന്നും കരഞ്ഞും കലമ്പിയും
പുഴ തേങ്ങി നീങ്ങുന്നതൊന്നേ
കാണ്മൂ – വനാന്തരപ്പച്ചയും കരിമേഘ-
നിഴലുമീ തെളിനീരലയി.ല്‍ .
ആഴമളക്കുവാനാവതില്ലാ,തോണി-
യ്ക്കമരത്തിരിപ്പോനുമൊപ്പം,
ഒട്ടു കളിചിരി മേളമൊത്തക്കരെ
തോണിയിറങ്ങുന്നവര്‍ക്കും .
ഇടയ്ക്കിടെ വേന.ല്‍ കനിവെന്യേ ,തന്‍ നിറ –
വൊക്കെ കവ.ര്‍ന്നെടുക്കുമ്പോള്‍
തെളിയുന്നതുണ്ടു നിരാലംബയാമിവ.ള്‍
നോവൊളിപ്പിക്കും ചുഴിക.ള്‍.
ആരോരുമോരാതെ ഓരോ മനസ്സിലും
ആയിരം ചുഴിതീ.ര്‍.ത്തൊഴുകും
പുഴയുണ്ട് , വനനിര ചൂഴ്ന്നുനില്‍ക്കുംപുഴ-
ക്കരയിലൂടകലുന്നു പഥികര്‍.
നോവും കിനാവുമൊളിപ്പിച്ച നെഞ്ചക-
ത്തേറെയുണ്ടിരുളിന്‍ കയങ്ങ.ള്‍
അനവധി ജന്മങ്ങള്‍ കൈമാറിയിവളി.ല്‍ വ-
വന്നടിയുമാത്മാവിന്‍ വ്യഥക.ള്‍ .
വിധിനിയോഗങ്ങളാല്‍ പല രൂപമാര്‍ന്നുള്ള
ശിലകളായ് എത്ര സ്വപ്‌നങ്ങ.ള്‍ .

അവയെ നാമെണ്ണുന്നു കാലമാം ശില്പി ത.ന്‍
കല്പനാസാകല്യമായി
.’കല്ലില്‍ തെളിഞ്ഞ കവിത’യെന്നാഹ്ലാദ –
ചിത്തം തുളുമ്പി വീഴുമ്പോള്‍
മുഗ്ദ്ധയായ് വെള്ളിനുരകളാല്‍ പുഞ്ചിരി –
കൊള്ളും മഹാനദിയെന്നാ.ല്‍,
ഏറെ വിളര്‍ത്തുള്ളകൈകളാ.ല്‍ കണ്ണീരു-
മായ്ച്ചു ,നിശബ്ദയായോരോ
സ്മ്രുതിയിലും മുങ്ങി ,വെള്ളാരം പളുങ്കുപോല്‍
ഓരോ കിനാവിന്‍റെ ചില്ലും
വാരിപ്പിടിച്ചിവ.ള്‍ വീര്‍പ്പിടുന്നു-പാവം
കണ്ണീരൊലിപ്പെത്ര  മൂകം .
ശാപശിലകളായ് തീര്‍ന്നതാം സ്വപ്നമെ-
ന്നവയെ തിരിച്ചറിയാത്തോ.ര്‍,
പേരറിയാത്തതാമേതുതാളത്തിലോ
പുഴയെക്കുറിച്ചു പാടുന്നു.

കാലം ഇളകിച്ചിരിച്ചുപോകുന്നിവ.ര്‍
ഊറ്റമോടെ തുഴയുമ്പോള്‍
തുഴയുവാനേറെക്കരങ്ങളുണ്ടാകിലും
കരയിലെത്താതുഴലുന്നു.

ഒരു കൈക്കുടന്നയി.ല്‍ തെളിനീരു  കോരിയീ-
പുഴയെ തൊഴുതു നില്‍ക്കുമ്പോ.ള്‍
അറിയുന്നു ഞാനീ മഹാനദിക്കക്കരേ-
ക്കൊരു നാളുമില്ലിനി തോണി.

ഏകാന്ത വിജനമീ തീരം-ആത്മാവിന്‍റെ
തിരുമുറിവിലൂറുന്ന നോവും
ഒരു നിണച്ചാലുമൊത്തൊഴുകുന്നു-മറുകര
ക്കൊരു നാളുമില്ലിനി തോണി
ഒരു നാളുമില്ലിനി തോണി...

(ശാന്തകുമാരി വിജയ.ന്‍ )

Friday, 25 July 2014

-കവിത






                    കബനി


 പുഴയെനിക്കമ്മയെ പ്പോല്‍, എന്‍റെ നെറുകയില്‍
മുത്തുന്നു ,പുഴ തണുപ്പല്ലോ..

തഴുകുന്നു  കൈകളാല്‍  ഒഴുകുന്ന പുഴയെന്‍റെ
കൂടപ്പിറപ്പിനെപ്പോലെ...

പുഴയെനി ക്കെന്‍റെ നേര്‍ പെങ്ങളെപ്പോലെ ഞാ-
നെത്തുമ്പോ ഴൊരു മണിചിരിയുമായി
കൊഞ്ചലും കൂടിക്കുഴഞ്ഞു തേന്‍ ചോരുന്ന
വാക്കുമായ്  പുഴയെന്‍റെ   പെങ്ങള്‍ .

പുഴയെന്‍റെ   പ്രേയസിക്കൊപ്പം ,പ്രണയാര്‍ദ്ര-
മൊരു  നോക്കിനാല്‍  മെല്ലെയോതും
നനുനനുത്തൊരു  വാക്കിനാലെന്‍  ഹൃദന്തരം
കുളിരും നിറച്ചൊഴുകുന്നു--
പുഴയെന്‍റെ പ്രണയിനിക്കൊപ്പം.

പുഴ   രൌദ്രഭാവ മാര്‍ന്നിരുമിഴി  ചോന്നും
കലമ്പിയു മാര്‍ത്തി രമ്പുമ്പോള്‍
ഞാന്‍ തന്നെ യാകുന്നു പുഴ -എന്‍റെ യുള്ളമോ
കലികൊള്ളുമിവളില്‍  ഞാന്‍  കാണ്മൂ .


തോരാത്തൊരാത്മാവുമായി  നില്‍ക്കുന്നു ഞാന്‍
കബനീ നദിക്കെന്‍  പ്രണാമം.
കബനീ നദിക്കെന്‍  പ്രണാമം


(ശാന്തകുമാരിവിജയന്‍ )

Monday, 14 July 2014

(കവിത )



കണ്ണന്‍റെ അമ്മ



വരികയെന്‍  കണ്ണാ ..ഞാന്‍ ഊണൊരുക്കി
കാത്തിരിപ്പാണെത്ര  നേരമായി
പാ.ല്‍വെണ്ണ, മോരും  ഉരുളയാക്കി
വച്ചതാം ചോറും  ഉറിക്കലത്തി.ല്‍
കാത്തിരിപ്പാണുണ്ണീ – കൂട്ടരൊത്തു
വേഗം വരൂ , വിശപ്പായതില്ലേ ?

കളികളില്‍ മുങ്ങി നീ നാടുനീളെ
അലയുന്നുവല്ലോ ..തള.ര്‍ച്ചയില്ലേ.!
വെയില്‍ കൊണ്ടു,വെയില്‍ കൊണ്ടു നിന്‍റെ കുഞ്ഞി-
കവിളുകള്‍ കാളിമ പൂണ്ടതായി

പീലിത്തണ്ടാലെ ഞാ.ന്‍ തച്ചതിന്‍റെ
പാരം പരിഭവം തീന്നതില്ലേ ?
ചാരുവദനത്തിലുണ്ടു  കാണ്മാ.ന്‍
ചന്ദനം മായ്ച്ചതിന്‍  സ്വര്‍ണ്ണ രേണു.

ചേറുപുരണ്ട നി.ന്‍ കൈകളെന്‍റെ
ചേലയില്‍  തേച്ചതാം വര്‍ണ്ണമെല്ലാം
പീലികള്‍ നീര്‍ന്നുള്ള ചേലിലെന്നു
കാലിച്ചെറുക്കന്മാ.ര്‍  ചൊല്ലിയല്ലോ!


പൊ.ന്‍ മയില്‍പീലി നെറുകയിങ്ക.ല്‍
ചാര്‍ത്തിയ ചേലൊത്തു  നീയണയെ
തോഴിമാര്‍ മോദമാര്‍ന്നോടിയെത്തി-
യൊന്നു മുകരുവാ.ന്‍ മത്സരിപ്പൂ ...

വരികയെന്‍  കണ്ണാ ,നിനക്കു മാത്രം
നറുവെണ്ണ തന്നിടാം, ചോറുരുള-
യ്ക്കൊപ്പം നിനക്ക് ഞാന്‍ വാരി നല്‍കും
സ്നേഹമധുരം  ചെടിച്ചു പോയോ ?
മധുവുണ്ടു  മധുവുണ്ടു  നാവിലെല്ലാ
മധുരവും കൈപ്പായ് പരിണമിച്ചോ?


ആനന്ദപൂര്‍ണ്ണമാം അശ്രുബിന്ദു
ചേരും കരിമിഴി  നീ തൊടുമ്പോ.ള്‍,
വിസ്മരിക്കുന്നേ.ന്‍ ഈ ലോകം, എന്‍റെ
കണ്മുന്നില്‍  സ്നേഹപ്രളയമല്ലോ.
മുങ്ങിയും പൊങ്ങിയുമാലിലപ്പൂ –
ന്തോണിയി.ല്‍  ഞാനുമെ.ന്‍ പൊ.ന്‍കിനാവും!

കണ്ണന്‍റെ  കൈവിര.ല്‍  തൊട്ടതെല്ലാം
മായാവിലാസത്തി.ല്‍ മുങ്ങുമത്രേ.
അമൃതുവിളമ്പി  വിളിക്കുമമ്മ യ്-
ക്കരികില്‍ അണയുക ,നീ പുരാനേ ...

( ശാന്തകുമാരി വിജയന്‍)