Sunday, 29 December 2013

ശാന്തം

            
      കവിത
                   
                        ശാന്തം...

 
         

          ഇനിയെനിക്കായിരം  ജന്മമുണ്ടാകിലും
          അരികത്തു   ചേര്‍ന്നു നില്‍ക്കാനായ്
         അനുവാദമുണ്ടായ് വരേണം , അതേയെനി-
         ക്കരുളുക   വരമായ് ,നീ   കൃഷ്ണാ....

         ഇനിയെനിക്കൊരുപാടു  സ്നേഹ നഷ്ട്ടങ്ങളില്‍
         കരയുവാന്‍  വയ്യെന്‍റെ   കണ്ണാ.
        ചിരി തൂകി മെല്ലെ യരികില്‍ നിന്നുണ്ണി നീ
         മൊഴിയുന്ന  വാക്കിലെന്‍  ജന്മം
         സ്നേഹ യമുനയിലെന്ന പോല്‍ മുങ്ങുന്നു
         കാളിയ ദര്‍പ്പ മേല്‍ക്കാതെ,
         ആലിലത്തോണിയില്‍ എത്തുകില്ലേ ,മധു -
          മുരളിക യൂതുംമുരാരേ.....

         (   ശാന്തകുമാരിവിജയന്‍  )



Thursday, 19 December 2013

കവിത (മീര-ഭാവഗീതങ്ങള്‍-1)

                     


         
                         മീരയുടെ ഗീതങ്ങള്‍  - 1


  കൃഷ്ണാ.....



നിന്നെ   പിരിഞ്ഞിരിക്കുന്ന തിനാലിന്നു
തീ ജ്ജ്വാല യായെന്‍  ഹൃദന്തം.

എന്നടുത്തേക്കു  വന്നാലും , നിന്‍സാമീപ്യ -
മൊന്നിനാല്‍  കാര്‍മേഘ വര്‍ണ്ണാ
പെയ്തു  നിറയുക --സ്വച്ഛം കുളിമ്മയാല്‍
എന്‍റെ  മനം  നിറയാതെ
പോകല്ലേ , ഹേ  പ്രേമ ധാമമേ , കാലങ്ങ--
ളായ്    മീര    നിന്‍ ദാസിയല്ലോ .

കാരുണ്യപൂര്‍ണ്ണമാമാലിംഗനങ്ങളായ്
നിന്‍ പ്രേമ മെന്നില്‍ നിറയ്ക്കൂ....

                                                             ( ശാന്തകുമാരി വിജയന്‍)
ആശയാനുവാദം

Tuesday, 17 December 2013

കവിത( നോവിന്‍റെ കഥ)

      


                            ഒരു  നോവിന്‍റെ  കഥ   
       

               ............    ....    .......    ....
               ഇന്നു   ധനു മാസ    പൌര്‍ണ്ണമി ;  ആതിരാ -
              രാഗങ്ങളാലപിക്കുന്നൂ    നിശീഥിനി.
               ഓളങ്ങളില്‍  നിലാക്കോടിവസ്ത്രങ്ങ-
             ളോ ലുമ്പുന്നു  മാമല നാടിന്‍ വധൂടിമാര്‍

മുങ്ങി ത്തുടിക്കും  നനഞ്ഞ  വെള്ളാമ്പലിന്‍
 നാണം  വിടാത്ത  മുഖത്തൊളി കണ്ണുമായ്
ആതിരാ ത്തിങ്കള്‍   ചിരിക്കുന്നു ,  പാതിരാ -
പ്പൂമണമമ്പേ  കവര്‍ന്നു   മന്ദാനിലന്‍.
മോഹനമീ  നേര്‍ത്ത   രാവിന്‍റെചുണ്ടിലൂ-
ടെത്തുന്നു പക്ഷീ, നീ  പാടാത്ത   പാട്ടുകള്‍

കാതോര്‍ത്തു നില്‍പ്പാണിവിടെ  ഞാനിപ്പൊഴും

 ചോര വാര്‍ന്നീ ന്നീറന്‍  പുതച്ച മനസ്സുമായ്
 ചോപ്പാര്‍ന്നു   നില്‍ക്കെ  കരുതായ്ക നീ , ഭ്രാതൃ-

രക്തത്തില്‍ നീരാടി യെത്തിയോ ളല്ല ,ഞാന്‍
                       


നാമോരെ ചേതസ്സി ലൊന്നായുണര്‍ന്നതും
ഒന്നിച്ചു കൈകൂപ്പി  നിന്നു  വന്ദിച്ചതും,
പിന്നെ , കൃപാമയി തന്ന  തേജസ്സൊരു
 മുത്തുപോലീ   കരള്‍ച്ചിപ്പിയി ലേ റ്റതും ,
ആഹ്ലാദ വായ്പ്പിന്‍ തിളക്കം തരളാശ്രു-
ബിന്ദുവായ്‌ തീര്‍ന്നതും ,തമ്മില്‍  പിരിഞ്ഞതും
നീ  മറന്നോ?  ഈ  നെറുകയില്‍  നിന്‍ മൃദു-
പാ ണിക ളാ ലൊന്നു  തൊട്ടു  തലോടുക .
ആ   പുണ്യ സ്പര്‍ശനമാത്രയില്‍   നാമൊരേ
ഗര്‍ഭത്തിലെ കരുവെ ന്നറി വീലയോ?

അമ്മ  തന്‍   ആത്മാവിലെന്നപോല്‍  ശാലീന-
രാവിന്‍ മടിത്തട്ടില്‍  വീണ്ടു മൊരിക്കല്‍  നാം
കണ്ടു മുട്ടും വരെ   പാടുക  പക്ഷി  നീ
നോവിറ്റു  വീണിള  പൂക്കുന്ന തിന്‍  കഥ


       (ശാന്തകുമാരി വിജയന്‍ )



Wednesday, 11 December 2013

കവിത


         
                
                               വിളിക്കുന്നൂ....

         ഉറങ്ങാന്‍   കിടക്കവേ , ജാലകത്തിലൂടെയെന്‍
        നെറ്റിമേല്‍   കുളിര്‍ കൈയ്യാല്‍ തൊട്ടുപിന്‍ നിലാവേവം
        മൊഴി ഞ്ഞി ട്ടുണ്ടാവാം --ഈ തൊടിയും വീടും  നിലാ-
        വെട്ടത്തില്‍   മുങ്ങി ച്ചിരിച്ചമ്പി ളി പ്പൂവും ചൂടി 
        ഉറങ്ങാതിരിക്കുമ്പോള്‍ എന്തു നീ സഖി  മിഴി
        പൂട്ടി യിങ്ങനെയുദാസീനയായ്   ശയിക്കുന്നൂ.. ?   


       കണ്‍ തുറന്നിരുന്നാലും    ഇമ  പൂട്ടിടുമ്പോഴും
       കാണ്മതു  മനോരമ്യമായ  വിഗ്രഹം ...കണ്ണാ ,
       നീലയാമിരുട്ടിലും  തെളിവൂ   മൃദു സ്മേര -
       സുന്ദരാനനം  ദൂരെ  വിളിപ്പൂ...വൃന്ദാവനം .

                          (ശാന്തകുമാരി  വിജയന്‍ )