Saturday, 17 November 2012


            വിഷു പ്രഭാതത്തില്‍


പുലരിക്കതിരൊളിയൊളിക്കും  കണിക്കൊന്ന -
പ്പൂവുകള്‍സുവര്‍ണശ്രീയണിയും വിഭാതത്തില്‍
അകലെ വിഷുപ്പക്ഷിയിരുളിന്‍‍  മുഖം തേടി -
യലയുന്നുണ്ടാമിളം  വെയിലിന്‍  തിരയ്ക്കുള്ളില്‍

പതുങ്ങി ചെല്ലും ;പയ്യെ കണ്ണുപൊത്തിയിട്ടാ  പൂ -
മ്പൊടി കട്ടെടുക്കുമാ  കള്ളനാമുണ്ണിക്കണ്ണന്‍
കുണുങ്ങിക്കൂടും  കുരുക്കുത്തി മുല്ല തന്‍കാതില്‍
കുതുകാല്‍  പാടുന്നുവോ കുസൃതിക്കവിതകള്‍

പൊന്നലുക്കുകള്‍ക്കുള്ളില്‍‍  മിന്നുമീ കണിക്കൊന്ന -
പെണ്ണിനു കുളിരല ചേല  നെയ്തീടും കാറ്റേ
പച്ചിലത്താലത്തില്‍ നിന്നൊരു കൈക്കുമ്പിള്‍  പൂക്കള്‍
പിച്ചിയിട്ടാലും ;വിഷുക്കണി ഞാനൊരുക്കട്ടെ .

വെള്ളരിത്താലത്തിലെ  ഇളനീര്‍വിളക്കൊളി -
നാളമൊത്തൊരു  ദീപമെന്നിലും തെളിയിക്കാന്‍
സ്നേഹത്താലുദ്ദീപ്തമാം നാളത്തെ പുലരിപ്പൂ -
ക്കണി കാണുവാന്‍മോഹപ്പക്ഷികളുണരുന്നു .

രാത്രിതന്‍‍  പരിഭവക്കാര്‍ മുഖത്തൊരു വെള്ളി -
രേഖ പോലുദയ പ്പൂത്തിരികളെരിയവെ
ഇരുളിന്‍ തല കൊയ്യാനുണരും സുദര്‍ശന -
രശ്മിയില്‍‍  പൂമൊട്ടുകളെന്നിലും  വിരിഞ്ഞെങ്കില്‍ .
                                    
                          
ശാന്തകുമാരി   വിജയന്‍ .