Monday, 25 April 2016

       വേനല്‍


വേനലിന്‍ വെയില്‍ത്തീ കടുക്കുന്നൊരീ  
വിണ്ണു തൊട്ടു നമിക്കുകയാണു  ഞാന്‍.

വേനല്‍ കത്തുന്നു ..കാട്ടുതീ  വീണുടല്‍
വെന്തു പൊള്ളിക്കരയുന്നു  കാടകം.

വേനല്‍  മുത്തുന്നു.. വെണ്മണല്‍ത്തട്ടിലായ്
വേച്ചുനീങ്ങുന്നു   നീരൊഴുക്കിന്‍  വഴി.

വേനല്‍ നീട്ടുന്നു  കാനല്‍ജലം ..വയല്‍-
വേല ചെയ്തു മെയ്പൊള്ളി വേവുന്നവര്‍
വിണ്ണിലേക്കു  മിഴി നീട്ടി—വെണ്‍മുകില്‍  
ക്കണ്ണിലില്ല കരുണ പൊഴിയുവാന്‍ .   
                                                              
പാത ചേര്‍ന്നു പഥികന്‍റെ  കാലടി -
പ്പാടുവീണ  പുല്‍നാമ്പും  കരിഞ്ഞു പോയ്‌,
വേലിയോരത്തു  പച്ചിലപ്പൊന്ത തന്‍
ചേലയില്ല പൊന്‍ പൂക്കള്‍ക്കു  ചുറ്റുവാന്‍.

താമരക്കുളം  വറ്റുന്നു,  പക്ഷികള്‍
താണുവന്നില്ല  പാട്ടുമായ്  കൂടുവാന്‍ .
ചില്ലയില്ല ചേക്കേറുവാന്‍ ,ഇല്ലില –
ച്ചാര്‍ത്തണി വിരിപ്പന്തലും പൂക്കളും.
കന്നിമുട്ട വിരിയിക്കുവാന്‍  ചെറു –
കൂടുവെച്ച  കിളിക്കുമില്ലാശ്രയം .
  
ജ്വാലയായ്  വെയില്‍   നീളുന്നു   , മാനവ –
സ്വാര്‍ഥമോഹമതിന്‍റെ  നല്ലിന്ധനം.

വേനലാളും മനസ്സുകള്‍ക്കുള്ളിലും
വേഗമെത്തുമോ  സ്നേഹവര്‍ഷാംഗന...?  


ശാന്തകുമാരി വിജയന്‍

Tuesday, 23 February 2016

കവിത



            

സ്നേഹ ദൂത്

ഹൃത്തിന്നറകളില്‍  താഴിട്ടു നിര്‍ത്തിയ 
സ്നേഹക്കിളിക്കൂട്ടമെല്ലാം
ഓര്‍മ്മതന്‍ ചപ്പിലകൂനമേല്‍  വന്നിരു-
ന്നന്നം ചികയുന്ന പോലെ
ഓമല്‍ ചിറകുകള്‍ വീശി കലപില
പാട്ടുമായ് ചുറ്റിനില്‍ക്കുന്നൂ .

സന്ധ്യതന്‍ പിന്നിലൊതുങ്ങിയീറന്‍  മിഴി
പൊത്തുന്ന കാറ്റിന്നു കൂട്ടായ്,
ഇരുളു ചേക്കേറുന്ന ചില്ലയാം രാത്രിക്കു
സഖിയായി മിന്നാംമിനുങ്ങായ്,
പാതിരാമുറ്റത്തു  വന്നുനിന്നൊറ്റയ്ക്കു  
തേങ്ങിക്കരയും മഴയായ് ,
കുന്നിന്നുമേല്‍ വന്നിടിവാളുലയ്ക്കുന്ന
കരിമുകില്‍ക്കണ്ണി.ല്‍ പെടാതെ,
തോളത്തുതൊട്ടു വിളിയ്ക്കയാണോര്‍മ്മകള്‍
ചിരിമാഞ്ഞ തോഴിയെ പോലെ ....

വരിക നീയെന്‍  പ്രിയതോഴീ പഴയപോല്‍
ജാലകപ്പിന്നില്‍ നാമൊപ്പം
മിഴിയിണക്കോണിലെ സ്വപ്‌നങ്ങ.ള്‍ പങ്കിട്ടു
പൊട്ടിച്ചിരിച്ചതും ഓര്‍ക്കാം.. 
.
നീലമേഘങ്ങള്‍ ചിതറിയൊരാകാശ –
ചിത്രങ്ങളില്‍ മിഴിവാര്‍ന്ന
സൗന്ദര്യസങ്കല്‍പമൊക്കെയും ഹൃത്തിലൊ
ളിപ്പിച്ചതും ഓര്‍ത്തിരിക്കാം...
വെള്ളപ്പളുങ്കുപോല്‍ വീണു തകര്‍ന്നതാം
സ്വപ്‌നങ്ങള്‍ തൊട്ടു മുറിയാം.
കാലൊച്ചപോലും പറഞ്ഞില്ല യാത്രാ –
മൊഴിയെന്നു മെല്ലെ കരയാം.

ദൂരങ്ങളില്‍ ചേക്കയേറിയ പൈങ്കിളി-
യിപ്പൊഴും പാടുന്നതായി
കാതോര്‍ത്തു നോക്കാം , പഴയൊരീണം മൂളി
ഒരു കാറ്റു ദൂതു വന്നാലോ ...!
ചേലതന്‍ തുമ്പത്തു ഞാലുമീണത്തില്‍ നി-
ന്നൊരു സ്നേഹദൂതു തന്നാലോ....!
ഒരു സ്നേഹദൂതു തന്നാലോ...!

(ശാന്തകുമാരി വിജയന്‍ )

Thursday, 21 January 2016

ഓര്‍മ്മ ച്ചൂട്ട്

                                          

കവിത



                               ഓര്‍മ്മ ച്ചൂട്ട് 


 ഓര്‍മ്മ മേയുന്ന  കുന്നിന്‍ ചെരിവിലൂ -
 ടസ്തമയ  കിരണവും  മാഞ്ഞുപോയ് .

പാത വീണ്ടും വിജനമായ്  മുന്നിലെ
പാഴിരുട്ടും  നിഴല്‍ച്ചിത്രമാകവേ ,
ചൂട്ടുകറ്റ വെളിച്ചത്തിലാരൊരാള്‍
പാട്ടുമായ്  കുന്നുകേറി  മറഞ്ഞുപോയ്‌ !

ചിമ്മിനി തന്‍ മുനിഞ്ഞ നാളത്തിലേ-
ക്കേതൊരുവ ള്‍   ഉറക്കം   പകര്‍ന്നുവോ,
ഓല മേഞ്ഞ  മേല്‍ക്കൂരപ്പഴുതിലൂ-
ടേതു  പൈതല്‍ നിലാപ്പാല്‍  നുണഞ്ഞു വോ ,
ഓട്ടു കിണ്ണത്തിലന്നം  വിളമ്പിയ -
ന്നേതൊരമ്മ     ഉറിത്തട്ടു കാത്തുവോ,

ചൂട്ടു കറ്റയും വീശി  നടന്നിരുള്‍ -
ക്കാലമേറെക്കടന്നുപോയ്,  കണ്ണിലും
തീ വെളിച്ചമുണ്ടിപ്പൊഴും-കൂരിരുള്‍
വെട്ടി വീഴ്ത്തി  നടക്കുകയാണൊരാള്‍.

നാട്ടു വെട്ടവും  കൂട്ടിനു  താരകാ_
ജാലവും;  മാഞ്ഞൂ -പാതിരാപ്പേടികള്‍.


നാട്ടു മണ്‍നിരത്തോരത്തു  പച്ചില -
ക്കാടു സാന്ദ്ര സംഗീതം  ശ്രവിച്ചതും ,
കാളവണ്ടി തന്‍ തണ്ടിലെ റാന്തലില്‍
നേരിലേക്കുള്ള  പാത  തെളിഞ്ഞതും ,
അക്കരെ ക്കുന്നില്‍  നിന്നൊരു കൂവലിന്‍
മറുവിളിപൊങ്ങുമിക്കരെതിണ്ണയില്‍,


ഏറു മാടത്തിന്‍ കാവ ലാം   കാറ്റിനും
വിണ്‍വിളക്കിനും  കണ്‍പോള  ചാഞ്ഞതും ,
കാട്ടുചോലക്കുളിരുള്ള  വാക്കുകള്‍-
ക്കുള്ളുണര്‍ന്നൊരു  തോറ്റമായ്  കേട്ടതും

 ഏറ്റുപാടുന്നു  ഞാറ്റുകണ്ടങ്ങളും
കാറ്റിലാടും  കതിര്‍ വയല്‍പ്പച്ചയും.


ചേറില്‍ നിന്നു  തലയുയര്‍ത്തുന്ന  നിര്‍--
ഭാഗ്യ ജന്മങ്ങളാകുമീയോര്‍മ്മകള്‍
കറ്റ കൊയ്യാത്ത  പാടത്തുതിര്‍മണി
ഈരില ക്കൂപ്പു കൈകളാകുന്നപോല്‍ .


കോടമഞ്ഞുവിരിച്ച  താഴ്വാരമൊ
ന്നുണ്ടു   തായ്മടിത്തട്ടായുറങ്ങുവാന്‍..
.
ഓര്‍മ്മയാം ചൂട്ടു കറ്റ ത്തെളിമയില്‍
ആരൊരാള്‍ മെല്ലെ കുന്നിറ ങ്ങുന്നുവോ....




(ശാന്തകുമാരി   വിജയന്‍)


Monday, 30 November 2015

(കവിത)

തൊടിയിലെ കുയില്‍



തൊടിയിലെന്നെയും കാത്തിരിക്കുന്നു,മാ-
ന്തളിരു തിന്നു തിമിര്‍ത്തൊരു പൂങ്കുയില്‍
കിളിമരം ചില്ല നീട്ടുന്നു,വല്ലികള്‍,
ചൊല്ലിയാടുന്നു,സ്നേഹ സുസ്വാഗതം
.
പൂത്ത മഞ്ഞമന്ദാരമിലത്തണല്‍
മെത്ത നീര്‍ത്തി വിളിക്കുന്നുവെങ്കിലും
സദിരു തീരും വരേയ്ക്കില്ലയൊന്നിലും
കൗതുകം- ഗാന മാത്മ സങ്കീര്‍ത്തനം !

രാഗമേതെന്നറിയില്ല,നുപമ -
രാഗവൈഭവം സ്നേഹ സംഗീതിക...

തൊടിയിലെന്നെയും കാത്തിരിക്കുന്നു ,വെണ്‍
മലരുപൊട്ടി ചിരിച്ച പൂമുല്ലകള്‍
.
കറുകനാമ്പിലുണര്‍ന്ന തണ്ണീര്‍ക്കണം
നറുമണം കടം കൊള്ളുന്നു -കാറ്റിനും
ദൂരമേറെയുണ്ടിന്നിയും താണ്ടുവാന്‍
നേരമില്ലൊരു മാത്രയും നില്‍ക്കുവാന്‍ .

പൊന്നിലഞ്ഞിതറയ്ക്കുമേല്‍ താരകള്‍
ചിന്നിവീണു നിറകണ്‍മിഴിക്കവേ ,
ജാലകപ്പിന്നില്‍ നിന്നെന്‍റെ ബാലികാ-
കാലകൗതുകം മെല്ലെ ചിരിക്കയായ്.

കാത്തതാണേറെ നാളുകള്‍ നീ നിറ -
ച്ചാര്‍ത്തു ചേര്‍ന്ന വളപ്പൊട്ടുപോല്‍മനം.
വര്‍ണ്ണ ജാലങ്ങള്‍ മാഞ്ഞൂ ,സഗദ്ഗദം
കണ്ണില്‍നിന്നു മറഞ്ഞൂ കിനാവുകള്‍ ...

തൊടിയിലിപ്പൊഴുമുണ്ടു കനല്‍വഴി -
ത്താര പിന്നിട്ടതിന്‍റെ കയ്പ്പോര്‍മ്മകള്‍;
കൊലുസ്സുകള്‍ തന്‍ പരിഭവപെയ്ത്തുകള്‍
കണ്ണെഴുത്തിന്‍റെ കാളിമക്കാഴ്ചകള്‍
അഴലുകള്‍ മായ്ച്ചു മായ്ച്ചു വര്‍ണ്ണോജ്ജ്വലം
ഇഴകള്‍ ചേര്‍ക്കുന്നിളയ്ക്കു പൂംചേലയില്‍.

 പുതുമുളകളരുണോദയോല്‍സവ-
ത്തെളിമയില്‍ കൂപ്പുകൈകളാലമ്മയെ
കുമ്പിടുന്നു, ഹേമാംബരം; മാമര -
ക്കൊമ്പിലെ കുയില്‍പ്പാട്ടിന്‍റെ ചാരുത .

കുങ്കുമച്ചോപ്പു ചാലിച്ചൊരുങ്ങിയ
പൊന്‍കപോലം തുടുക്കുമഴകുകള്‍
നിത്യമാം സ്വരരാഗമേളങ്ങളാല്‍
അസ്തമയം മറക്കുന്നു സന്ധ്യകള്‍





 തൊടിയിലേക്കു വിളിപ്പൂ , സ്നേഹാര്‍ദ്രത-
യ്ക്കടിമയാണീ ചിറകറ്റ പൂങ്കുയില്‍.

(ശാന്തകുമാരി വിജയന്‍ )

Wednesday, 4 November 2015


കവിത


              മണ്ണടുപ്പ്
    



സ്വച്ചനീല വിഹായസ്സേ ജീവനുല്‍-
ഫു ല്ലമായ  നഭോമണ്ഡലങ്ങളേ
നിയതമായ  ഭ്രമണ  പഥങ്ങളില്‍
മനമുഴറി    പ്രദക്ഷിണം  ചെയ്യവേ
സൂര്യനെ   വലംവെയ്ക്കും  ധരിത്രി തന്‍
ഉള്ളില്‍ അഗ്നി  കെടാതെ  കാത്തീടുക .


മണ്ണടുപ്പിന്റെയുള്‍ ത്തീയില്‍  വെന്തൊരു
പൊന്‍  നുറുങ്ങായ് സ്വരൂപ മാര്‍ന്നുള്ളവള്‍
മാരിവില്ലു  തൊടുന്നതു  പോലൊരു
സ്നേഹ വായ്പ്പു  കൊതിക്കയാണിപ്പൊഴും.

നീല രാവില്‍ മിഴിയടക്കാതൊരു
താരകത്തിനു   കാവലായ്  നില്‍ക്കണം ...
വെണ്മുകിലിന്‍  മുഖമി രുളുമ്പൊഴാ
കാളിമയില്‍  മുഖം ചേര്‍ത്തു  നില്‍ക്കണം ....
അമ്പിളിച്ചിത്തമാനന്ദ സുസ്മിതം
 തൂകിയെന്നിടനെഞ്ചോടു  ചായണം....

പാല്‍ നിലാവു  വിളമ്പിയോരമ്പിളി
കിണ്ണവുമായി   പിന്‍ മടങ്ങീടവേ
വാതിലു   തഴുതിട്ടു  ചുമരിലെ
നിഴലിനോടഴല്‍  പങ്കു വച്ചീടണം...

രാക്കിളികള്‍ ,തരുക്കള്‍ ,രാപ്പാട്ടുകള്‍
തേങ്ങലായ്    പെരും നൊമ്പര ച്ചീളുകള്‍
കണ്ണുനീര്‍ച്ചില്ലിനപ്പുറം  നില്‍ക്കയാം
പാഴ് വഴികള്‍   മറന്നിട്ട   നോവുകള്‍ ...

രാത്രിവണ്ടി യിറങ്ങി യെത്തുന്നപോല്‍
ഇരുളു താണ്ടി  വരും  കിനാത്തെല്ലുകള്‍ -
ഇമ്പമാര്‍ന്നു  വിളമ്പണം  കണ്ണുനീ-
രുപ്പുചേരാതെ  കാത്ത കനിവുകള്‍ ...

തീ  കെടാത്തൊരു  പെണ്ണടുപ്പായ്   മനം
കാത്തു , സ്നേഹം  വിളമ്പിയോരമ്മയെ
ഇരുളിലൊറ്റയ്ക്കു പേക്ഷിച്ചു  പോയൊരെന്‍
ഉണ്ണികള്‍ക്കു   വി ശക്കാതിരിക്കണം...

മണ്ണടുപ്പിന്റെ  യുള്‍ച്ചൂടിലെ  കനല്‍ -
ക്കട്ട യെന്നുടെ  ജീവസ്സായ്  മാറവേ
വ്യോമമേ ..തിരു മാറിലെ യാലില-
ച്ചേലില്‍  നാമ ജപ മാര്‍ന്നിരി പ്പു  ഞാന്‍ .
കത്തി നില്‍പ്പുണ്ടോരെണ്ണത്തിരി   കിനാ-
വറ്റുപോകാത്ത  ഹൃത്തിന്നറകളില്‍ .
                                           
നിത്യ നീല വിഹായസ്സേ   ,സ്നേഹമേ 
നിന്നെയെന്‍ വിരല്‍ ത്തുമ്പാല്‍  തൊടുന്നു  ഞാന്‍ ...



(ശാന്തകുമാരി  വിജയന്‍ ) 

Wednesday, 30 September 2015

kavitha

തുലാവര്‍ഷം

ഇടി മുഴങ്ങുന്നു ,വിണ്ടല മേതൊരു
വാദ്യ ഘോഷത്തിമിര്‍പ്പിലാവാം , ഇനി
മഴയിരമ്പി ക്കിതച്ചോടി യെത്തിയീ
തൊടിയി ല്‍  മാമര പ്പിന്നി ലൊളി ക്കുമോ !

മിന്നലാം കൊടുവാളുമായ്  കാര്‍മുഖം
മൂടി   പിന്നാലെ യെത്തുമോ   മറ്റൊരാ.ള്‍ ?

കിടുകിടുത്തു  വിറച്ചു  ഞാനുമ്മറ-
ത്തുണു ചാരി   പെരുകുമു ല്‍ ക്കണ്ട  യാല്‍
മിഴി വിടര്‍ന്നല്ലോ  നിന്നുപോയ്  മുറ്റത്തു
ചരല്‍ മഴ പോലെ  വീഴുന്ന തുള്ളികള്‍
ഒന്നുതാണു മണലില്‍ പുതഞ്ഞു ,പി –
ന്നൊഴുകി  മെല്ലെയൊരു പെണ്മനസ്സുപോല്‍

പെരുകി വന്ന മഴയി ലെ ല്ലാം  ലയി –
ച്ചൊഴുകി—വേര്‍പ്പും നിണവും കലര്ന്നപോ ല്‍
കാവി മണ്‍ നിറമാര്‍ന്നോഴുകുന്നിതാ
മഴ :മഴ  തുലാപ്പൈയ് ത്തി ന്‍റെ യാഗമം.

ഇടി മുഴക്കം –പടവാളുലച്ചുല
ച്ചേ തു  യുദ്ധമുഖമോ  തലയ്ക്കു മേല്‍ ..?
(ശാന്തകുമാരി  വിജയന്‍)

Sunday, 7 June 2015

kavitha.




                            മഴ

മഴയെന്തൊരോമനച്ചന്തം ! കിനാവിന്‍റെ-
യിത.ള്‍  പൊഴിയുന്നതു പോലെ .

മഴ കണ്ടുനി.ല്‍ക്കുമ്പൊഴെന്നും നിലാവിന്‍റെ
മിഴി വന്നു  തഴുകുന്ന  പോലെ .

മഴ കേള്‍ക്കുവാനെന്തു മധുരം , നിനവുകള്‍-
ക്കുയിരാര്‍ന്നു  പുല്‍കുന്ന പോലെ
.
മഴയത്തിറങ്ങി  നില്‍ക്കുമ്പോ.ള്‍  പ്രണയാര്‍ദ്ര
ഭാവങ്ങള്‍  മൊട്ടിടും  പോലെ .

നാവിലേക്കൊരു  മഴ ത്തുള്ളി  വീണാല്‍ ,അമ്മ
നല്‍കിയോരമൃത കണം പോ.ല്‍.

പുതുമഴക്കിയലും സുഗന്ധം, ആത്മാവിലേ-
ക്കാഴ്ന്നിറങ്ങുന്ന പോ.ല്‍ ഹൃദ്യം.

നാമൊരുമിച്ചൊരു മഴകൊണ്ടു ജീവിത –
പ്പാതയില്‍ കൈകോര്‍ത്തു  പോകെ ...
അറിയുന്നു, മധുരവും കയ്പ്പും കരുണാര്‍ദ്ര–
മൊഴുകുന്നതാം സ്നേഹ വായ്പ്പും,
ചിരിയും  കരച്ചിലും , കണ്ണീരു മായ്ക്കുന്ന
മഴയിലൂടകലുന്ന  നോവും .
നാമിരുപേര്‍ക്കുമായാരോ മെനഞ്ഞോരീ  
സ്നേഹാംബ ര ത്തിന്‍റെ  പെയ്ത്തി.ല്‍
ചിറകു  നനഞ്ഞു  കുളിര്‍ന്നു  പറക്കെ..ഈ
മഴയെന്തൊരോമന ച്ചന്തം
.
ഈ മഴയെന്തൊരോമനച്ചിത്രം !


(ശാന്തകുമാരി വിജയന്‍)