പാടാന്‍ വയ്യ ...
വിഷുവെപ്പറ്റി പാടാനില്ല പാട്ടൊന്നും., ചുണ്ട-
ത്തിഷ്ട്മായ് വിരിയുവാന്‍ കൊന്നപ്പൂ ച്ചിരിയില്ലാ...
വിഷുവില്ലാതെയായി പ്പോയവര്‍ കണ്ണീര്‍പ്പൂക്ക-
ളുതിര്‍പ്പൂ, ഗൃഹങ്ങളില്‍ നെടുവീര്‍പ്പുകള്‍ക്കൊപ്പം.
ഗദ്ഗദം, തേങ്ങല്‍ ,കവിള്‍ത്തടത്തില്‍ നിശ്ശബ്ദം താ-
ണൊഴുകും കണ്നീര്‍ച്ചാലിന്‍ മൗനവും മുന്‍ നില്‍ക്കുമ്പോള്‍
വിഷുവില്ല , വേനലിന്‍ വെയില്‍ കാളുന്നൂ കരി--
മുകിലിന്‍ നിറമിഴി നീളുന്നൂ മണ്ണിന്‍ നേരെ .
അറിയില്ലിനിയെന്നു വരുമീ തൊടികളില്‍
വെയിലിന്നിളംചിരി , മഴ തന്‍ പൊട്ടിച്ചിരി
നീലയാം രാവിന്‍ നിലാച്ചിരി ,ചേലുലാവുന്ന
കണ്കളില്‍ മിന്നി തെന്നും കനവിന്‍ പൈമ്പാല്‍ചിരി .
തൂവെള്ള മന്ദാരത്തിന്‍ പൂമണം ,കുയില്‍ പ്പാട്ടിന്‍
മധുരം,മാമ്പൂവിന്‍റെ മന്ദമാം സ്മിതം ,കാറ്റില്‍
ഉലയും കടും നീല ശംഖു പുഷ്പ്പത്തിന്‍ നൃത്തം
ശ ലഭങ്ങള്‍ പാറുന്ന പുലര്‍വേളകള്‍ ,തുമ്പി
ച്ചിറകില്‍ പാറിപ്പോയ കറയറ്റൊരു കാലം:
നിറയും വെളിച്ചത്തിന്‍ ഉത്സവ ക്കാലം വീണ്ടും
വരുമോ..?. കിനാക്കാണാം ; മേട പ്പൊന്‍കണികൊന്ന-
മലരിന്‍ ചിരി വീണ്ടും പൂത്തു പൂത്തു ലയട്ടെ .
(ശാന്തകുമാരി വിജയന്‍)