Friday, 29 March 2013

ജീവിതം





                      ജീവിതം 
                         
                             1

        കരയാനുള്ളു  തേങ്ങുന്നൂ
       ചിരിയര്‍ഥിക്കുകയാണിള.
        അണപൊട്ടുന്ന ദു:ഖത്തി-
        ന്നര്‍പ്പിക്കാമൊരു സുസ്മിതം.

                                  2

       പുലര്‍ വേളയ്ക്കു    മുന്‍പേ വ--
       ന്നസ്ത്തമിക്കുന്ന   ചന്ദ്രികേ ,
       ഭാസുരേന്ദ്ര  പ്രഭാവത്തിന്‍
       നിഴലോ  നിന്‍റെ   ജീവിതം? .
                               
                                  3
    
        ആരുമേ കാണാത്തൊരാലിന്‍ കുരുന്നു വി -
        ത്തീരില നീര്‍ത്തുന്നു  പോടുകള്‍ക്കുള്ളിലായ് !
                             
                                    4

        വേരുകള്‍ താഴേക്കു താഴേക്കു പാഞ്ഞുപോം
        ഓര്‍മയാകുന്നോരരയാല്‍ ചുവട്ടിലും
        പൊന്നില തല്ലിക്കൊഴിച്ചിട്ട കാലമേ
        നീളുമീയീരില  കൂപ്പുകൈ  കാണുക.

 .                (ശാന്തകുമാരി വിജയന്‍ )

Wednesday, 27 March 2013



...  ഒരു  ദു:സ്വപ്നം...

 
ചുവന്ന  സൂര്യനൊന്നുദിച്ചു നില്‍ക്കുന്നൂ
തലയ്ക്കു മോളില്‍   ചെങ്കതിരു  പാറുന്നു.
ഇളയ്ക്കു നേര്‍ക്കഗ്നിപ്രളയമായ്  വീണു
പടര്‍ന്നാളും സൂര്യനൊരായിരം നാവു-
ണ്ടോരായിരം  കൈയുണ്ട,.നേകകോടിക.-
ളവന്‍റെയായുധം .

അരുതേ , നീയെന്‍റെ കുരുന്നു മക്കളെ
കുരുതിയാക്കരു ,തരുതെന്നു  ചൊല്ലും
അയുതമമ്മമാര്‍ ഒരുവളായ്‌ തീര്‍ന്ന
മഹാമാതാവെന്നും അലറിക്കേഴുന്നു .
ഒരുവരുമില്ലാ ,ഇവളുടെ കണ്ണീരണ കെട്ടാന്‍
കൈകളുണരുന്നേയില്ലാ .
ഇവളുടെ നെഞ്ചിന്‍ പെരുമ്പറ കേട്ടി—
ട്ടുണരുന്നില്ലാരും , ഇവളനാഥയോ ?

വഴിക്കണ്ണും ,കെടാത്തിരിയും,ഉള്ളിലെ –
ക്കനലുമായ് ,ഉറിക്കലത്തില്‍  പാതിരാ
കടന്ന  ചോറുമായ്‌ ....
ഇവളിരിക്കുന്നൂ ... മകനേ നിന്‍ കണ്ണിന്‍
തിളക്കമെന്നിനി അറിയുമീയമ്മ ....?

ഇലച്ചീന്തില്‍ ദേവപ്രസാദമായ് നിന്‍റെ
ഉയിരു കാക്കുന്ന കുളിരായ് ചന്ദന --
വിരല്‍ തൊടുന്നേരമലിഞ്ഞു പോം 
മുഗ്ദ്ധ ഹൃദയമീയമ്മ ...

അകക്കണ്ണാല്‍ തെളിച്ചൊരു ചെരാതിന്‍റെ
മിഴിയടഞ്ഞ പോല്‍ ,...ഇരുളു വന്നെന്നെ
പൊതിയും പോല്‍ ...കാലു വഴുതി ഞാനേതോ
കറുപ്പില്‍ മുങ്ങും പോല്‍ ....മൃതി മുരളും പോല്‍...
ഉറഞ്ഞു പോം ഹൃത്തിന്‍   പിടച്ചിലായ്  എന്‍റെ
ഉയിരിന്‍ സൂര്യന്മാരെരിഞ്ഞു  താഴുന്നൂ...
കറുപ്പില്‍  മുങ്ങുന്നൂ ....കറുപ്പില്‍  മുങ്ങുന്നൂ... !

 ( ശാന്തകുമാരി വിജയന്‍ )

Monday, 18 March 2013



പുതിയൊരു  കിളിപ്പാട്ട്


കരയുന്നെന്തേ പക്ഷീ,വെയിലത്തിലത്തണല്‍--
ത്തട്ടിലെങ്ങാനും  ചിറകൊതുക്കിയിരിക്കാതെ ?
കരയുന്നെന്തേ ? വയര്‍ കത്തുന്ന തീയല്ല നിന്‍ കണ്‍കളില്‍ 
,തിളക്കുന്നോരഗ്നിയാണു ഞാന്‍  കാണ്മൂ .
കമ്പികള്‍ കൂട്ടിത്തല്ലും സ്വരത്തില്‍  പതംഗികേ
ചിതറിത്തെറിക്കുന്ന നൊമ്പരമേതൊന്നാവോ ?

ഇല്ലിവള്‍ക്കേകാനൊന്നും എന്‍റെയീ വാക്കിന്‍  നേര്‍ത്ത
തണുപ്പെന്നിയേ,പാവം! അതിന്‍റെ തൊണ്ടക്കുഴി—
ക്കുള്ളിലുണ്ടാമോ പാട്ടിന്‍ തരിയെങ്ങാനും പക്ഷെ?..
പുതിയ കിളിപ്പാട്ടിന്‍ രാഗമേതറിയില്ലാ
ഇത്തിരി ചുമപ്പിതിന്‍ ചുണ്ടിലുണ്ടതേ പോരും .
പാതിയും കരിഞ്ഞതാം തൂവലിന്‍  മറ നീക്കി --
യിത്തിരി മാംസക്കൂടിനുള്ളിലെ ഹൃല്‍സ്പന്ദത്തെ
തൊട്ടറിയുന്നേന്‍,അതിന്‍ നോവറിയുന്നേന്‍ പാവം
ഇവളും വാചാതീത സ്നേഹരൂപിയാണല്ലോ.!
കറുത്ത ചിറകുമായ് മക്കളെ തേടി തേങ്ങി
പാഞ്ഞുപോമൊരമ്മയെന്നിവളെയറിയുക...
‘’എത്രമേല്‍  കൊതിച്ചീല ഇവള്‍ തന്‍ സ്വപ്നത്തിന്‍റെ
നാരുകള്‍ കൂട്ടിത്തുന്നിയൊരു കൂടൊരുക്കുവാന്‍
ഒടുവിലലനാഥമായ് കൊച്ചുമക്കളെയേതോ
പാതയോരത്തെ മരപ്പൊത്തിലാണുപേക്ഷിച്ചു.
പാതയേതറിവീലാ..ആരുവാനറിയുന്നൂ
ആയിരം കിളിക്കൊക്കിലുണരും വിലാപത്തെ ?
മക്കളെത് ? അറിവീലാ !വിറച്ചും പതുങ്ങിയും
പാതിയും ഉയിര്‍കെട്ടോരായിരം  കുഞ്ഞുങ്ങളെ
പാതയിലെല്ലാം കാണ്മൂ –മക്കളാണവരെല്ലാം...
കാതരം മിഴികളില്‍ അഗ്നിനാമ്പുണരുവോര്‍ .

എന്‍റെ മക്കളേ,പെരുംവിശപ്പിന്‍  തീയാലല്ലാ
കണ്ണിലുജ്ജ്വലിക്കുന്നോരഗ്നിയാലീയമ്മയെ
മൂടുകെ,ന്നഭിശപ്തജന്മമൊന്നൊടുങ്ങട്ടെ ‘’

എന്തിനീ ദുരന്തത്തെ മറനീക്കി ഞാന്‍  കാണ്മൂ ...
എന്‍റെ പക്കലെന്തുണ്ടീ മൂകവേദനക്കേകാന്‍ !
ഇത്രമേലനാഥയോ  സഖി നീ  ഹര്‍ഷോന്മാദ-
ഗാത്രിയെന്നല്ലോ നിന്നെ ലോകര്‍ കാണുന്നൂ പണ്ടേ .
കളഗാനവീചികളെങ്ങനെ ആത്മാവിന്‍റെ
കദനങ്ങളെ കാണാമറയത്താക്കിപ്പോന്നൂ !
ദൂനമാം    നിന്നാത്മാവില്‍  നിന്നുയര്‍ന്നതാം മിഴി—
നീരിനെ പുളകാശ്രുവെന്നു ഞാനെണ്ണിപ്പോയി ...
നീ പൊറുക്കുക;ഞാനും വ്യഥിത—എന്നാത്മാവിന്‍
കദനങ്ങളെണ്ടേ പാടിയോള്‍ നീ താനല്ലോ ...
                      
                     (ശാന്തകുമാരി )   

Friday, 8 March 2013



ഒഴുകി നിറയുന്നത്...

ഉള്ളിലേക്കൊഴുകി നിറയുവാന്‍ നീരൊഴു- 
ക്കിനിയെത്രയെന്നറിയില്ലാ.
ഓര്‍ക്കാപ്പുറത്തിടി വെട്ടാം,മഴക്കാറു
തിങ്ങിയീ മാനം കറുക്കാം.
വെളുവെളുപ്പാര്‍ന്നു ചിരിച്ച മേഘത്തിനും
മുഖമൊന്നിരുണ്ടു പോയേക്കാം ,
വിണ്ണില്‍ ചിറകടിച്ചാര്‍ത്തു പറന്നതാം
പ്രാവിനും പേടിയായേക്കാം,
മഴയേതുനേരവും കോരിച്ചോരിഞ്ഞതി.ന്‍
നേരിന്നു വേണ്ടി കരയാം .
നെഞ്ചത്തടിച്ചു വിലപിക്കുമോര്‍മ്മക.ള്‍--
ക്കുള്ളം കലങ്ങിച്ചുവന്നൂ .
.
കരകളില്‍ തല തല്ലിയാര്‍ത്തലച്ചുള്ളിലെ
കടലായ് നിറയും പുഴകള്‍,
പേടി,ഇരുട്ടും കരച്ചിലും നെഞ്ച—
ത്തടിയും ,വിലാപവുമായി,
പിന്നിലേക്കൊഴുകി തിരിച്ചു ചെന്നമ്മ തന്‍
മാറിലേക്കെത്താന്‍കൊതിപ്പൂ.


നിലാച്ചിരിച്ചേലില്‍ മറഞ്ഞു നില്‍ക്കും മിഴി –
പൊയ്കയില്‍.  പെയ്തുനിറയാന്‍
ഇനിയും മഴക്കാറു  മൂടുന്നുവോ സ്നേഹ-
സങ്കടം പെയ്തു തീര്‍ന്നില്ലേ ?