കവിത
ഓര്‍മ്മ ച്ചൂട്ട്
ഓര്‍മ്മ മേയുന്ന കുന്നിന്‍ ചെരിവിലൂ -
ടസ്തമയ കിരണവും മാഞ്ഞുപോയ് .
പാത വീണ്ടും വിജനമായ് മുന്നിലെ
പാഴിരുട്ടും നിഴല്‍ച്ചിത്രമാകവേ ,
ചൂട്ടുകറ്റ വെളിച്ചത്തിലാരൊരാള്‍
പാട്ടുമായ് കുന്നുകേറി മറഞ്ഞുപോയ് !
ചിമ്മിനി തന്‍ മുനിഞ്ഞ നാളത്തിലേ-
ക്കേതൊരുവ ള്‍ ഉറക്കം പകര്‍ന്നുവോ,
ഓല മേഞ്ഞ മേല്‍ക്കൂരപ്പഴുതിലൂ-
ടേതു പൈതല്‍ നിലാപ്പാല്‍ നുണഞ്ഞു വോ ,
ഓട്ടു കിണ്ണത്തിലന്നം വിളമ്പിയ -
ന്നേതൊരമ്മ ഉറിത്തട്ടു കാത്തുവോ,
ചൂട്ടു കറ്റയും വീശി നടന്നിരുള്‍ -
ക്കാലമേറെക്കടന്നുപോയ്, കണ്ണിലും
തീ വെളിച്ചമുണ്ടിപ്പൊഴും-കൂരിരുള്‍
വെട്ടി വീഴ്ത്തി നടക്കുകയാണൊരാള്‍.
നാട്ടു വെട്ടവും കൂട്ടിനു താരകാ_
ജാലവും; മാഞ്ഞൂ -പാതിരാപ്പേടികള്‍.
നാട്ടു മണ്‍നിരത്തോരത്തു പച്ചില -
ക്കാടു സാന്ദ്ര സംഗീതം ശ്രവിച്ചതും ,
കാളവണ്ടി തന്‍ തണ്ടിലെ റാന്തലില്‍
നേരിലേക്കുള്ള പാത തെളിഞ്ഞതും ,
അക്കരെ ക്കുന്നില്‍ നിന്നൊരു കൂവലിന്‍
മറുവിളിപൊങ്ങുമിക്കരെതിണ്ണയില്‍,
ഏറു മാടത്തിന്‍ കാവ ലാം കാറ്റിനും
വിണ്‍വിളക്കിനും കണ്‍പോള ചാഞ്ഞതും ,
കാട്ടുചോലക്കുളിരുള്ള വാക്കുകള്‍-
ക്കുള്ളുണര്‍ന്നൊരു തോറ്റമായ് കേട്ടതും
ഏറ്റുപാടുന്നു ഞാറ്റുകണ്ടങ്ങളും
കാറ്റിലാടും കതിര്‍ വയല്‍പ്പച്ചയും.
ചേറില്‍ നിന്നു തലയുയര്‍ത്തുന്ന നിര്‍--
ഭാഗ്യ ജന്മങ്ങളാകുമീയോര്‍മ്മകള്‍
കറ്റ കൊയ്യാത്ത പാടത്തുതിര്‍മണി
ഈരില ക്കൂപ്പു കൈകളാകുന്നപോല്‍ .
കോടമഞ്ഞുവിരിച്ച താഴ്വാരമൊ
ന്നുണ്ടു തായ്മടിത്തട്ടായുറങ്ങുവാന്‍..
.
ഓര്‍മ്മയാം ചൂട്ടു കറ്റ ത്തെളിമയില്‍
ആരൊരാള്‍ മെല്ലെ കുന്നിറ ങ്ങുന്നുവോ....
(ശാന്തകുമാരി വിജയന്‍)