Wednesday, 27 March 2013



...  ഒരു  ദു:സ്വപ്നം...

 
ചുവന്ന  സൂര്യനൊന്നുദിച്ചു നില്‍ക്കുന്നൂ
തലയ്ക്കു മോളില്‍   ചെങ്കതിരു  പാറുന്നു.
ഇളയ്ക്കു നേര്‍ക്കഗ്നിപ്രളയമായ്  വീണു
പടര്‍ന്നാളും സൂര്യനൊരായിരം നാവു-
ണ്ടോരായിരം  കൈയുണ്ട,.നേകകോടിക.-
ളവന്‍റെയായുധം .

അരുതേ , നീയെന്‍റെ കുരുന്നു മക്കളെ
കുരുതിയാക്കരു ,തരുതെന്നു  ചൊല്ലും
അയുതമമ്മമാര്‍ ഒരുവളായ്‌ തീര്‍ന്ന
മഹാമാതാവെന്നും അലറിക്കേഴുന്നു .
ഒരുവരുമില്ലാ ,ഇവളുടെ കണ്ണീരണ കെട്ടാന്‍
കൈകളുണരുന്നേയില്ലാ .
ഇവളുടെ നെഞ്ചിന്‍ പെരുമ്പറ കേട്ടി—
ട്ടുണരുന്നില്ലാരും , ഇവളനാഥയോ ?

വഴിക്കണ്ണും ,കെടാത്തിരിയും,ഉള്ളിലെ –
ക്കനലുമായ് ,ഉറിക്കലത്തില്‍  പാതിരാ
കടന്ന  ചോറുമായ്‌ ....
ഇവളിരിക്കുന്നൂ ... മകനേ നിന്‍ കണ്ണിന്‍
തിളക്കമെന്നിനി അറിയുമീയമ്മ ....?

ഇലച്ചീന്തില്‍ ദേവപ്രസാദമായ് നിന്‍റെ
ഉയിരു കാക്കുന്ന കുളിരായ് ചന്ദന --
വിരല്‍ തൊടുന്നേരമലിഞ്ഞു പോം 
മുഗ്ദ്ധ ഹൃദയമീയമ്മ ...

അകക്കണ്ണാല്‍ തെളിച്ചൊരു ചെരാതിന്‍റെ
മിഴിയടഞ്ഞ പോല്‍ ,...ഇരുളു വന്നെന്നെ
പൊതിയും പോല്‍ ...കാലു വഴുതി ഞാനേതോ
കറുപ്പില്‍ മുങ്ങും പോല്‍ ....മൃതി മുരളും പോല്‍...
ഉറഞ്ഞു പോം ഹൃത്തിന്‍   പിടച്ചിലായ്  എന്‍റെ
ഉയിരിന്‍ സൂര്യന്മാരെരിഞ്ഞു  താഴുന്നൂ...
കറുപ്പില്‍  മുങ്ങുന്നൂ ....കറുപ്പില്‍  മുങ്ങുന്നൂ... !

 ( ശാന്തകുമാരി വിജയന്‍ )

Monday, 18 March 2013



പുതിയൊരു  കിളിപ്പാട്ട്


കരയുന്നെന്തേ പക്ഷീ,വെയിലത്തിലത്തണല്‍--
ത്തട്ടിലെങ്ങാനും  ചിറകൊതുക്കിയിരിക്കാതെ ?
കരയുന്നെന്തേ ? വയര്‍ കത്തുന്ന തീയല്ല നിന്‍ കണ്‍കളില്‍ 
,തിളക്കുന്നോരഗ്നിയാണു ഞാന്‍  കാണ്മൂ .
കമ്പികള്‍ കൂട്ടിത്തല്ലും സ്വരത്തില്‍  പതംഗികേ
ചിതറിത്തെറിക്കുന്ന നൊമ്പരമേതൊന്നാവോ ?

ഇല്ലിവള്‍ക്കേകാനൊന്നും എന്‍റെയീ വാക്കിന്‍  നേര്‍ത്ത
തണുപ്പെന്നിയേ,പാവം! അതിന്‍റെ തൊണ്ടക്കുഴി—
ക്കുള്ളിലുണ്ടാമോ പാട്ടിന്‍ തരിയെങ്ങാനും പക്ഷെ?..
പുതിയ കിളിപ്പാട്ടിന്‍ രാഗമേതറിയില്ലാ
ഇത്തിരി ചുമപ്പിതിന്‍ ചുണ്ടിലുണ്ടതേ പോരും .
പാതിയും കരിഞ്ഞതാം തൂവലിന്‍  മറ നീക്കി --
യിത്തിരി മാംസക്കൂടിനുള്ളിലെ ഹൃല്‍സ്പന്ദത്തെ
തൊട്ടറിയുന്നേന്‍,അതിന്‍ നോവറിയുന്നേന്‍ പാവം
ഇവളും വാചാതീത സ്നേഹരൂപിയാണല്ലോ.!
കറുത്ത ചിറകുമായ് മക്കളെ തേടി തേങ്ങി
പാഞ്ഞുപോമൊരമ്മയെന്നിവളെയറിയുക...
‘’എത്രമേല്‍  കൊതിച്ചീല ഇവള്‍ തന്‍ സ്വപ്നത്തിന്‍റെ
നാരുകള്‍ കൂട്ടിത്തുന്നിയൊരു കൂടൊരുക്കുവാന്‍
ഒടുവിലലനാഥമായ് കൊച്ചുമക്കളെയേതോ
പാതയോരത്തെ മരപ്പൊത്തിലാണുപേക്ഷിച്ചു.
പാതയേതറിവീലാ..ആരുവാനറിയുന്നൂ
ആയിരം കിളിക്കൊക്കിലുണരും വിലാപത്തെ ?
മക്കളെത് ? അറിവീലാ !വിറച്ചും പതുങ്ങിയും
പാതിയും ഉയിര്‍കെട്ടോരായിരം  കുഞ്ഞുങ്ങളെ
പാതയിലെല്ലാം കാണ്മൂ –മക്കളാണവരെല്ലാം...
കാതരം മിഴികളില്‍ അഗ്നിനാമ്പുണരുവോര്‍ .

എന്‍റെ മക്കളേ,പെരുംവിശപ്പിന്‍  തീയാലല്ലാ
കണ്ണിലുജ്ജ്വലിക്കുന്നോരഗ്നിയാലീയമ്മയെ
മൂടുകെ,ന്നഭിശപ്തജന്മമൊന്നൊടുങ്ങട്ടെ ‘’

എന്തിനീ ദുരന്തത്തെ മറനീക്കി ഞാന്‍  കാണ്മൂ ...
എന്‍റെ പക്കലെന്തുണ്ടീ മൂകവേദനക്കേകാന്‍ !
ഇത്രമേലനാഥയോ  സഖി നീ  ഹര്‍ഷോന്മാദ-
ഗാത്രിയെന്നല്ലോ നിന്നെ ലോകര്‍ കാണുന്നൂ പണ്ടേ .
കളഗാനവീചികളെങ്ങനെ ആത്മാവിന്‍റെ
കദനങ്ങളെ കാണാമറയത്താക്കിപ്പോന്നൂ !
ദൂനമാം    നിന്നാത്മാവില്‍  നിന്നുയര്‍ന്നതാം മിഴി—
നീരിനെ പുളകാശ്രുവെന്നു ഞാനെണ്ണിപ്പോയി ...
നീ പൊറുക്കുക;ഞാനും വ്യഥിത—എന്നാത്മാവിന്‍
കദനങ്ങളെണ്ടേ പാടിയോള്‍ നീ താനല്ലോ ...
                      
                     (ശാന്തകുമാരി )   

Friday, 8 March 2013



ഒഴുകി നിറയുന്നത്...

ഉള്ളിലേക്കൊഴുകി നിറയുവാന്‍ നീരൊഴു- 
ക്കിനിയെത്രയെന്നറിയില്ലാ.
ഓര്‍ക്കാപ്പുറത്തിടി വെട്ടാം,മഴക്കാറു
തിങ്ങിയീ മാനം കറുക്കാം.
വെളുവെളുപ്പാര്‍ന്നു ചിരിച്ച മേഘത്തിനും
മുഖമൊന്നിരുണ്ടു പോയേക്കാം ,
വിണ്ണില്‍ ചിറകടിച്ചാര്‍ത്തു പറന്നതാം
പ്രാവിനും പേടിയായേക്കാം,
മഴയേതുനേരവും കോരിച്ചോരിഞ്ഞതി.ന്‍
നേരിന്നു വേണ്ടി കരയാം .
നെഞ്ചത്തടിച്ചു വിലപിക്കുമോര്‍മ്മക.ള്‍--
ക്കുള്ളം കലങ്ങിച്ചുവന്നൂ .
.
കരകളില്‍ തല തല്ലിയാര്‍ത്തലച്ചുള്ളിലെ
കടലായ് നിറയും പുഴകള്‍,
പേടി,ഇരുട്ടും കരച്ചിലും നെഞ്ച—
ത്തടിയും ,വിലാപവുമായി,
പിന്നിലേക്കൊഴുകി തിരിച്ചു ചെന്നമ്മ തന്‍
മാറിലേക്കെത്താന്‍കൊതിപ്പൂ.


നിലാച്ചിരിച്ചേലില്‍ മറഞ്ഞു നില്‍ക്കും മിഴി –
പൊയ്കയില്‍.  പെയ്തുനിറയാന്‍
ഇനിയും മഴക്കാറു  മൂടുന്നുവോ സ്നേഹ-
സങ്കടം പെയ്തു തീര്‍ന്നില്ലേ ?

Tuesday, 19 February 2013

           ദീപം


എന്തിനോര്‍ത്തിരിക്കുന്നൂ ദീപമേ,നിന്നെച്ചുറ്റി
വന്നുപോയതാം നിശാശലഭങ്ങളെപ്പറ്റി?
തെളിനാളമായാടിത്തിമിര്‍ത്തു സ്നേഹോദാര-
സൗമ്യ നീ നിന്നു –നിന്നെയറിയാതവര്‍ പോയി .

സ്നേഹമാണെല്ലാമെല്ലാം എന്നെന്നോടോതി വ്യഥാ-
തപ്തമാമെന്നാത്മാവെ തഴുകുമേതോ സഖി .
ആരുവാന്‍? അറിവീല! കുനിയും മുഖം തെല്ലു-
മുയര്‍ത്തീല ഞാന്‍ -സഖി മിഥ്യയായ് മറഞ്ഞാലോ.
സൗമ്യശീതള ഭാവസ്പര്‍ശമൊന്നിനാലാത്മ-
ലാവണ്യത്തിടമ്പിന്‍റെയുള്ളു ഞാനറിഞ്ഞല്ലോ.
അതുമാത്രമേ വേണ്ടൂ-കാറ്റിലാടുമീയൊറ്റ-
ത്തിരിനാളത്തില്‍  സ്നേഹജ്യോതിയേ ദര്‍ശിക്കാവൂ.

Tuesday, 5 February 2013

                 വഴിയോരപ്പൂവിനോട്


വഴിനടന്നേറെ  തളര്‍ന്നേന്‍,തണല്‍മര-
ക്കുളിരുണ്ട് ,സ്വത്തായ് അതൊന്നു മാത്രം .
കാല്‍ തൊട്ടു വന്ദിച്ചടുത്തു  നില്‍പ്പൂ  കൊച്ചു -
പുല്‍ പ്പൂവു ഞാന്‍ തളര്‍ന്നിങ്ങിരിക്കെ .
പഴയൊരു  പാട്ടൊന്നു പാടിയും മൂളിയും
ഒരുവനിതു വഴി  പോയി പൂവേ
അവനെന്‍റെ  കൂടപ്പിറപ്പാണവന്‍  നേര്‍ത്ത
കാലടിയൂന്നി  നിന്‍ മുന്നിലൂടെ
പതിയെ നടന്നു പോകുമ്പോള്‍ നീ യൊരു വാക്കും
അവനോടു മൊഴിയാഞ്ഞതെന്ത്  പൂവേ?


കൈ വിരല്‍ത്തുമ്പു പിടിച്ചു  ഞാനവനൊത്തു
തൊടിയിലും മേട്ടിലും  നാള്‍ കഴിച്ചു .
അതു  ബാല്യം - ഹരിതാഭ  ചേര്‍ന്ന താ മെന്നാത്മ -
കഥയിലൊന്നാ മ ത്തെ   താളുമാത്രം
ഒരു മാത്ര  നീയോര്‍ത്തു നോക്കുക ,പിന്നെയും
പിന്നെയും നീ വേഷ ഭൂഷ മാറി
വന്നെത്തിയല്ലോ ,വസന്തമായ്‌ ,വേനലില്‍
കരിയാതിളം പൊടിപ്പായി ,പൂവേ.
ഞാനറിഞ്ഞില്ലീ വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു
വീണുപോയ്‌ ജീവസംഗീതമെന്നേ.....

ഇങ്ങു ഞാനിപ്പൊഴും പൂ വിരിയാത്തൊരു
പാഴ് മരം പോല്‍--എന്‍റെ കൂട്ടുകാരന്‍
പോയ്‌മറഞ്ഞുള്ള  വഴിയറിയാതെ  നിന്‍
കാല്‍ച്ചോട്ടില്‍ വന്നിരിപ്പാണു , പൂവേ.

എ ന്‍റെ  കൈക്കുമ്പിളില്‍ നിന്നും മധു രസം
ചേര്‍ത്തതാം തന്നധരത്തില്‍ നിന്നും
എന്തേ പതിക്കുവാന്‍ വാക്കുകള്‍  കൂരമ്പു
പോലെ -ഹൃദന്തരം  നീറിനില്‍പ്പൂ .
കൂട്ടരെയൊക്കെ  മറന്നു പുതിയതാം
കൂട്ടങ്ങളില്‍ ചെന്നുചേര്‍ന്നു പോയോന്‍
ഇതുവഴി തിരികെ  വരുമെന്നു നീ  വഴി -
പ്പൂവേ മൊഴിവതു കേട്ടുനില്‍ക്കെ
ഒരു കുഞ്ഞു തേന്‍കണം  പോലെന്‍റെ  ജീവനില്‍
നീ  തുടുക്കുന്നു ....കുരുന്നു പൂവേ .

Tuesday, 15 January 2013

                           ഹരേ...


കണ്ണനോടു  പറയുവാന്‍  കണ്ണീരുപ്പു കലര്‍ന്നുള്ള
കഥകളെത്രയുണ്ടെന്നോ  കരളിനുള്ളില്‍ .
കണ്ണനോടും പറയാതെ മധുര മാര്‍ന്ന താമെത്ര
നിറം ചേര്‍ന്ന നിനവുകള്‍ കൊഴിഞ്ഞു പോയി.

കരിമേഘം,ഇടിവെട്ടും, മിന്നലുമായ് ഇരുള്‍ക്കാല-
രാവുകളെത്ര യുമെന്നെ  കടന്നു പോയി .

പുലരിയും പൂവും നേര്‍ത്ത ചിരിയു മായൊരോമന-
ത്തിരു മുഖം പൂക്കണിയായ് മുന്നിലെത്തുമ്പോള്‍
മറന്നുപോമെല്ലാം,മധു മുരളിക യൂതുമെന്‍റെ
മുകുന്ദ നുണ്ണിയെ  കണ്ടാല്‍ മനം നിറയും .

ഹരേ ..നിന്‍റെവിരല്‍തുമ്പാല്‍ തൊട്ടുണര്‍ത്തും ഗീതങ്ങളാല്‍
നിറയുവാന്‍  കനിയുകയെ ന്‍റെ യീ   ജന്മം ...