Wednesday, 23 April 2014

കവിത







               അമ്പലത്തില്‍...


കണ്ണന്‍ തരുന്നതാം  വെണ്ണയ്ക്കുമുണ്ടതി -
മധുരം   , ആ   പാലമൃതുണ്ണാന്‍
കൈ വെള്ളയില്‍ വെച്ചു   തന്നുവല്ലോ , തിരു-
മധുരം  പ്രസാദം  ഭുജി ച്ചേന്‍...

കണ്ണാ.. നീ  എന്തേ   തരാഞ്ഞതീ യമ്മയ്ക്കു
ദര്‍ശനം, കണ്ണിന്നു   മുന്നില്‍
ഒന്നു വന്നാലെന്തു  ചേതം , ഉണ്ണീ നിന-
ക്കിപ്പോഴും  കുസൃതി ക്കളിമ്പം
മാറിയില്ലേ , കളിപ്പിക്കുവാനോ  ,മറ-
ഞ്ഞെപ്പോഴും  നില്‍പ്പൂ ...മുകുന്ദാ !

കാണുവാനൊന്നു  കൊതി തുള്ളി വന്നതാ-
ണുണ്ണീ,യരികില്‍,  ഞാനപ്പോള്‍ ...
വാതിലിന്നപ്പുറം  നിന്നൊരോടക്കുഴല്‍
ഗീതത്തിനാല്‍  നീ വിളിച്ചൂ ..
വീണ്ടും  കൊതിപ്പിച്ചു നീ ,വെറും കൈയ്യുമായ്
വന്നൊരീ യമ്മയെ കാണാന്‍
ചാരിയ ശ്രീകോവില്‍ പാതി തുറന്നൊന്നു
 നോക്കിയോ    കണ്ണ നാമുണ്ണീ ...?

കണ്ടതില്ലേനൊന്നു മെന്‍റെ  കണ്ണാ  പ്രഭാ -
പൂരമായ്  നീ നിറഞ്ഞല്ലോ.

കണ്ണടയ്ക്കാനും  തുറക്കാനുമാവാതെ...
കണ്ണു  പൊത്തീലയോ   കണ്ണന്‍!

(ശാന്തകുമാരി  വിജയന്‍ )


Tuesday, 22 April 2014

കവിത--- വിഷുക്കാഴ്ച







                           വിഷുക്കാഴ്ച


കണ്ടു, ഞാന്‍ കണി - താരകപ്പൂവുകള്‍
ഉതിരുമാകാശ മുറ്റം   പുലര്‍ച്ചയില്‍ .

കണ്ടു ഞാന്‍ കണി ,പച്ചില ച്ചില്ലകള്‍
 മഞ്ഞു നീരില്‍  നനഞ്ഞു നില്‍ക്കുന്നതും ;
കുഞ്ഞു പൂവുകള്‍  കണ്മിഴിക്കുന്നതും;
കറുകനാമ്പില്‍ ജലകണം  തൊട്ടതും ;
 ചെമ്പരുത്തികള്‍  കണ്‍ചുവന്നെപ്പോഴോ
കണ്ണുനീരു  തുടച്ചെഴുന്നേറ്റതും;

വേലി യോരത്തിരുന്നു  പെണ്‍പൂച്ച  തന്‍
കുഞ്ഞിനായ്  ഇറ്റു പാലു യാചിച്ചതും;

വയറു കാഞ്ഞു നിലവിളിക്കുന്നൊരു
കുഞ്ഞിനെ   പെറ്റതള്ള    തല്ലുന്നതും ;
ആല്‍ത്തറയിലതിന്നൊച്ച  പൊങ്ങവേ
പ്രാക്കുമായൊരാള്‍ വേച്ചു നീങ്ങുന്നതും;

 ഏറു  കൊണ്ടൊരു നായ  മോങ്ങുന്നതും
പേടിയോടെ  തിരിഞ്ഞു  പായുന്നതും
 കണ്ടു  ഞാന്‍  കണിക്കാഴ്ച്ചകള്‍- ദീനത-
യാര്‍ന്ന  നാടിന്‍ പുലരി ത്തുടിപ്പുകള്‍.

പിന്നെ  ഞാന്‍ കണ്ടു, വെള്ളരി താലത്തില്‍
നാളികേര വിളക്കിന്നരികിലായ് ,
വെളുവെളുത്ത ചിറകു കരിഞ്ഞൊരു
പറവ നൊന്തു   നിലവിളിക്കുന്നതായ് .

അരിമണികള്‍ പെറുക്കുവാനെത്തിയ
കരിയുറുമ്പിനും പൊള്ളിയോ കാലുകള്‍?
വേഗമാര്‍ന്നു ഴലുന്നതു   മക്കളെ-
യൂട്ടുവാനോ  തിടുക്കമിന്നെന്തിനോ..?

എണ്ണമറ്റതാം  ദൈന്യങ്ങള്‍  നീളവേ
മണ്ണിലെന്തിനാണീ   വിഷുക്കാഴ്ചകള്‍...!

അമ്മ ദൂരെയിരുന്നു...വിഷുക്കണി
വയ്ക്കുവാന്‍ മക്കളാരു മെത്താത്ത തില്‍
നീറുമുള്ളമോടെങ്കിലും,  പൊന്നുറി-
 ത്തട്ടിലന്നവും    കണ്ണിലെ യഗ്നിയും 
കാത്തു കാത്തു വഴിക്കണ്ണുമായ്,  ഇളം
തിണ്ണചേര്‍ന്നൊരു  നൈവിളക്കെന്നപോല്‍
 കത്തി നില്‍ക്കുമ്പോള്‍....വേണ്ടതില്ലാവിഷു
കാഴ്ചകള്‍- മന്നിലെന്തുണ്ടു   പുത്തനായ് !


 അമ്മ കാണിച്ചു തന്നതാം കാഴ്ചകള്‍ ,
കണ്ണിലെന്നും നിറഞ്ഞു  നിന്നീടണം



(ശാന്തകുമാരി  വിജയന്‍)

Monday, 14 April 2014

കവിത




                പൊന്‍കണി



വീട്ടു മുറ്റത്തു   പൊന്‍ കണിക്കൊന്ന  തന്‍
ആഭരണ മഴിച്ചു വച്ചെ പ്പോഴോ!
മോടി വേണ്ടെന്നു  തോന്നിയോ , പച്ച തന്‍
സ്വച്ഛതയില്‍  മയക്കമാണിപ്പോഴും.


മേടമാസ പ്പുലരി  വന്നെത്തിയെന്‍
മണ്‍കുടിലില്‍ വിളക്കു തെളിക്കവേ..

 കണ്ടു  ഞാന്‍ കണി _എന്നുള്ളിലെപ്പോഴും
വേണുവൂതി   ചിരിച്ചു ല്ലസിക്കുവോന്‍,
വേനലില്‍ ഞാന്‍ തളര്‍ന്നു പോം  വേളയില്‍
 പീലി തന്‍ തണല്‍ തന്നു  വിളിക്കുവോന്‍ ,
 കണ്ണുനീര്‍ച്ചാലു  കീറുന്ന  നോവുകള്‍
എണ്ണമ റ്റതാ ണെങ്കിലും   കൈവിരല്‍_
ത്തുമ്പു  തൊട്ടുതുടക്കുവോന്‍, പൊന്‍മണി-
വേണു നാദമെനിക്കായ്  പകുത്തവന്‍
കാത്തു നില്‍ക്കുന്നു...  ദൂരെയാണെങ്കിലും
 കണി വിളക്കിന്നൊളിയില്‍ നിന്‍ ദര്‍ശനം
തന്നുവല്ലോ ,മണി വിളക്കായ്മന_
ക്കണ്ണിലെന്നും തെളിയുന്ന  പൊന്‍കണി

വെണ്ണ  തൊട്ടുള്ള  കൈകളാല്‍ , മാധവാ
ദൈന്യ മെല്ലാ മലിയിച്ചു നീക്കുക,
കണ്ണിലെ   കുഞ്ഞു നെയ്‌ത്തിരി യെപ്പോഴും
കത്തി നില്‍ക്കുവാന്‍  നീ  തുണച്ചീടുക

( ശാന്തകുമാരി വിജയന്‍)

Sunday, 23 March 2014

കഥ





                     തീവ്രം
   

 ബസ്സ്   ഓടിക്കൊണ്ടിരുന്നു.    പാതി  മയക്കത്തിലായിരുന്നു, അയാള്‍.


നാട്ടിന്‍പുറങ്ങളും    ചെറുപട്ടണങ്ങളും പിന്നിട്ട്  അതൊരു  വലിയ  നഗര ത്തിലേക്ക് കടന്നു. അയാള്‍ ഉറക്കം  വിട്ടു  പുറത്തേക്ക്  നോക്കി.ആകാശം  മുട്ടുന്ന  ബഹു നില കെട്ടിടങ്ങളും ,  റോഡുകളും  വാഹനങ്ങളും ,തിരക്കുകളില്‍ പെട്ട് ഞെരുങ്ങി  നടന്നു പോകുന്ന  ആള്‍ക്കൂട്ടവും  കണ്ട്  അയാള്‍ക്ക്‌  ഒരു വല്ലായ്മ   തോന്നി.


ബസ്സില്‍ നിന്ന് ഇറങ്ങാറായി .
ബസ്‌  സ്റ്റേഷനിലെ  തിരക്കിലേക്ക്  അയാള്‍  ബദ്ധപ്പെട്ടിറങ്ങി.

 അയാള്‍ മുന്‍പൊരിക്കലും ഈ  പട്ടണത്തില്‍ വന്നിട്ടില്ല .സഞ്ചാരിയും  എഴുത്തുകാരനുമാണ്‌ അയാള്‍.
"' ഇന്നിവിടെ തങ്ങാം "
പട്ടണങ്ങളിലെ  കാഴ്ചകള്‍  ഒരുപാട്  കണ്ടിട്ടുണ്ട്....എങ്കിലും  ഇവിടെ  എന്താണ്  ഇത്രയധികം  തിരക്ക്!

അയാള്‍ ബസ്‌  സ്റ്റേഷന് പുറത്തു  വഴിയോരത്തെ  കച്ചവടക്കാരനില്‍നിന്നുഒരു സര്‍ബ്ബത്ത്  വാങ്ങി കുടിച്ചുകൊണ്ട്  ചുറ്റും നോക്കി.
തലങ്ങും വിലങ്ങും  പാഞ്ഞു നടക്കു ന്ന ആള്‍ക്കാരെ കണ്ട്  അയാള്‍ കടക്കാരനോട് ചോദിച്ചു
" ഇന്നെന്താ ...ഇവിടെ...ഇത്രയും തിരക്ക്?"..
.
ഇതൊന്നും തനിക്കത്ര  പുത്തരിയല്ലെന്ന മട്ടില്‍  കടക്കാരന്‍ പറഞ്ഞു
"  ബോംബു ഭീഷണിയുണ്ട് .സാര്‍... ഭീകരാക്രമണം  സംശയിക്കുന്നുണ്ട്  സാര്‍..."
" ഓ, അത് ശരി.. ഇവിടെ അടുത്ത്  താമസിക്കാന്‍ ഏതാ നല്ല ഹോട്ടല്‍ ?''അയാള്‍  ആരാഞ്ഞു.
കടക്കാരന്‍ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.

യാത്ര കൊണ്ട്  മുഷിഞ്ഞ വേഷവും, തോളത്തെ  വലിയ ബാഗും,  ഷേവ് ചെയ്തിട്ടു  ദിവസങ്ങളായ  മുഖവും ഒക്കെ കൂടി ,അയ്യാളുടെ അലസഭാവത്തെ
ഒന്ന് കൂടി പൊലിപ്പിച്ചു കാട്ടി.

കടക്കാരന്റെ കണ്ണു ഒന്ന് മിഴിഞ്ഞു....

 വെള്ളം കുടിച്ച ഗ്ലാസ്സ്  തിരിച്ചു വാങ്ങി വ ച്ച് , കടക്കാരന്‍ തിരക്കിട്ട് അകത്തേക്ക്  നടന്നു.
 പോക്കറ്റില്‍ നിന്ന് ചില്ലറ തുട്ടുകള്‍ എടുത്തു മിട്ടായി ഭരണിക്ക് മേലെ വ ച്ച് അയാള്‍ തിരിച്ചു നടന്നു.
  
     കടയില്‍  നിന്നിറങ്ങിയ  ആ സഞ്ചാരിയുടെ അടുത്തേക്ക്  ഒന്നു രണ്ടു പേര്‍
 നടന്നു വന്നു. പിന്നെയും മൂന്നു നാലു പേര്‍  വന്നു. പിന്നെ രണ്ടു   ടാക് സി ക്കാര്‍ അടുത്തു കൂടി .അടുത്ത കടകളില്‍ നിന്ന്കച്ചവടക്കാര്‍  എത്തി നോക്കി.
ബസ്‌ സ്ടാന്റില്‍  നിന്നിറങ്ങിയ  യാത്രക്കാര്‍  അവിടെ ചുറ്റി നിന്നു

 ചുരുങ്ങിയ നേരം കൊണ്ട്ഒരാള്‍ക്കൂട്ടം അവിടെ രൂപം കൊണ്ടു.

ഒരുത്തന്‍  സഞ്ചാരിയുടെ തോള്‍ സഞ്ചിക്ക് പിടുത്തമിട്ടു.
"എന്താടാ  ഇതിനകത്ത്..ബോംബാണോ .."

 ആ ചോദ്യത്തോടൊപ്പം  അയാളുടെ  ചെകിട്ടത്ത്  ആദ്യത്തെ അടി വീണു.
പിന്നെ അവിടെ നടന്നത്  എന്താണെന്ന് ഒരുത്തര്‍ക്കും  വിവരിക്കാന്‍ വയ്യ. തെരു വില്‍ ഒരു പേപ്പട്ടിയെ എന്നപോലെ   ആ മനുഷ്യനെ  ആള്‍ക്കൂട്ടം  ആക്രമിച്ചു.

ഒടുവില്‍ പോലിസ്സെത്തുംപോഴേക്ക് ആള്‍ക്കൂട്ടം   അപ്രത്യക്ഷമായിരുന്നു....

  ഒരു നനഞ്ഞ തുണിക്കെട്ട് പോലെ  റോഡിനു നടുവില്‍ അയാള്‍ കിടന്നു...അയാള്‍ക്ക്‌ ചുറ്റും ചോര തളം  കെട്ടിയിരുന്നു.

തോള്‍ സഞ്ചിയിലെ അക്ഷരങ്ങള്‍    ചോരയില്‍  കുതിര്‍ന്നു ,ചുവന്നു.


അയാള്‍ക്കു  ജീവനുണ്ടായിരുന്നോ ..
 അതു ആരും  നോക്കിയില്ല


(ശാന്തകുമാരി വിജയന്‍)

Monday, 3 March 2014

കവിത




                    വിളി കേള്‍ക്കാന്‍.....

   

ആരും  വിളിക്കുവാനില്ലിനി , ഞാന്‍  വഴി -
ക്കണ്ണുമായ്  കാത്തിരുന്നാലും
പടികടന്നെത്തു വാന്‍  ദുരിത പര്‍വ്വത്തിന്‍റെ
പിന്‍വിളി  മാത്ര മാണല്ലോ.

വെറുമൊരു  മോഹന സ്വപ്നമായുള്‍ക്കണ്ണി-
ലെരിയും ചെരാതിലെ സ്നേഹം
അറിയുവാനൊരു  പൊന്‍പുലരിയായ്  പൂമുഖ-
 പ്പടിയില്‍ തെളിഞ്ഞു നിന്നാലും .

മുറ്റത്തു  പൂക്കണിക്കൊന്ന  പൊന്നില്‍ മുങ്ങി  -
പൂത്തിരുവാതിര പ്പെണ്ണായ്
പുഞ്ചിരി  പൂനിലാവായി  പൊഴിഞ്ഞേതു-
സ്വപ്ന ത്തിലോ  ലാസ്യമാര്‍ന്നൂ..

ഏതോ പഴയൊരു   സ്വപ്നമാകാം, ഇന്നു
സന്ധ്യയോടോത്തു  വന്നെത്തി
പതിയെ നടന്നു പോകുന്നൂ , ഞാന്‍ പിന്‍വിളി
അവളെ   വിളിച്ചു   കേഴുന്നൂ ...


(  ശാന്തകുമാരി വിജയന്‍ )

Tuesday, 28 January 2014

മീര


     മീര---ഭാവഗീതങ്ങ.ള്‍  2


ഞൊടിയിട ഞാനെന്‍റെ  ശയ്യയി.ല്‍ ചാഞ്ഞൊന്നു
മിഴിയിണ പൂട്ടുമ്പോഴേക്കും,
പ്രേമസ്വരൂപനാമെന്‍റെ നാഥ.ന്‍ പ്രിയ-
മാര്‍ന്ന കടാക്ഷങ്ങളോടെ
മിന്നലൊളി പോലെ ചാരത്തണയുന്നു
പെട്ടെന്നു ഞാനുണ.ര്‍ന്നല്ലോ
വെമ്പലാ.ര്‍ന്നൊട്ടു വിറപൂണ്ടു ദേവന്‍റെ
പാദങ്ങള്‍തൊട്ടു തലോടാ.ന്‍
മുന്നോട്ടു ചായവേ ,താമരത്താരു പോല്‍
പേലവം പാദങ്ങ.ള്‍ മാത്രം
കണ്ടേ.ന്‍ , ഒരു മാത്ര,വിദ്യുല്ലതിക പോല്‍
മാഞ്ഞു മറഞ്ഞവ.ന്‍ പോയി .
എന്‍റെ സഖിമാ.ര്‍  സുഷുപ്തിയിലാണ്ടു പോയ്‌
ഞാനുറങ്ങീല, എന്നിട്ടും
കണ്ടതില്ലേന്‍ ഗിരി ധാരിയാം കണ്ണനെ
കണ്ണും മനവും നിറയെ .

ഗോപകുമാരകനാ വനവീഥിയി.ല്‍  
ഗോക്കളെ പാലിക്കയാവാം.
നവനീതമുണ്ണുന്നു കണ്ണ.ന്‍ വിരഹിക.ള്‍
ഗോപിമാര്‍ കണ്ണീരുമു.ണ്ണും

മീരതന്‍ നാഥ.ന്‍ അവ.ന്‍ മാത്രം –ആകയാ.ല്‍ 
രാവും പകലുമോര്‍ക്കാതെ
കാത്തിരിപ്പേന്‍, ഗൃഹം വിട്ടവന്‍ ഗോക്കളു—
മൊത്തിനിയെത്തും വരേയ്ക്കും.

ശാന്തകുമാരി വിജയന്‍

(ആശയാനുവാദം)

Tuesday, 7 January 2014

കണ്ണനോട്




                               മോഹനം 

കൃഷ്ണാ....
നീ   മോഹങ്ങള്‍  തന്നു .
പ്രാക്തന സ്മൃതികളിലേക്ക്
കൂട്ട് വരാമെന്നു   സ്വപ്നം തന്നു.
അതീത ജന്മങ്ങളിലേക്കു  അനുയാത്ര യാവാമെന്നു
 മോഹിപ്പിച്ചു .

പോയ ജന്മങ്ങളിലെ അനുഭവ മുഹൂര്‍ത്തങ്ങളിലേക്ക്
നിറകണ്കാഴ്ച  കാണിച്ചു.
വരും ജന്മങ്ങളില്‍
കൂടെയുണ്ടാവാം എന്ന്  കൊതിപ്പിച്ചു.

ജന്മ ഭാരങ്ങള്‍  ഇറക്കി വച്ച്
 കണ്ണന്‍റെ   കൈകളില്‍ പിടിച്ച്
 അമ്മയായ്  നടക്കാന്‍  അനുഗ്രഹിച്ചു.


ബാല്യ കൗമാര  കൗതുകങ്ങള്‍
മഞ്ചാടി മുത്തുകളാക്കി
വട്ടകയിലിട്ടു  കളിക്കാന്‍ ത ന്നു.

ചോറൂണിനു   കണ്ണന്‍റെ ചോരിവായില്‍
തിരുമധുരം  തേച്ചു കൊടുത്തു .
 തിരു നടയില്‍,തൊഴുതു  നില്‍ക്കെ
പുണ്യദര്‍ശ ന ത്തില്‍ മതിമറന്നു.
 വാ  പിളര്‍ന്നു നിന്നു പോയി  ഞാന്‍...

 പ്രദക്ഷിണ  വഴിയില്‍ ഒറ്റയായപ്പോള്‍
നിന്‍റെ കാല്‍ത്തള ക്കിലുക്കം
കൂട്ടുവന്നല്ലോ

കണ്ണാ..കാണാ മറയത്തെ   കാരുണ്യ പൂരമേ
എന്നു കാണും...ഞാന്‍?

മോഹന രാവുകള്‍
നിന്‍റെ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നു...
ഇലഞ്ഞിപ്പൂവുകള്‍
പൊഴിയുന്ന നിശീഥ ങ്ങള്‍...
നിലാവിനെ പൂമണം പൂശുന്നു

 നിനക്കായി... കണ്ണാ,
 അമ്പിളി ക്കിണ്ണത്തിലെ നിലാപ്പാല്‍ ,
താമരയിലകളില്‍ വിളമ്പിത്തരാന്‍
മത്സരിക്കുന്നു ..
.പൂങ്കാവനത്തിലെ  തളിര്‍ത്തലപ്പുകള്‍.
വന്നാലും,മായക്കണ്ണാ...

രാപകല്‍ നിന്നെ കാത്തിരിക്കും കണ്ണുകളില്‍...
കനിവായ് ...കനവായ്  .
     (   santha  vijayan    )