Thursday, 11 December 2014

കവിത ( കടവിലെ കല്ല്‌)



 കടവിലെ  കല്ല്‌


അലക്കുകല്ലുപോല്‍ അകമുറച്ചുപോയ്
ചിരിച്ചൊഴുകുവാന്‍ പഠിക്കണമിനി.

കടവിലെ കല്ലിനൊരിക്കലും  വേല-
യൊഴിഞ്ഞ നേരമില്ല,ഴുക്കകന്നുപോയ്,
മനം തെളിഞ്ഞപോല്‍ വെളുത്ത  മേഘങ്ങള്‍  
പ്രതിഫലിക്കുന്ന പുഴയ്ക്കരികിലായ്-
അലക്കു കല്ലിന്മേല്‍ വിഴുപ്പു കെട്ടുമായ്
ഒരുവള്‍ , മറ്റൊരു മുഷിഞ്ഞ ഭാണ്ഡമായ്
നനഞ്ഞിരിക്കുന്നൂ,പുഴ വെള്ളം തേകും
കണങ്കാലില്‍  വെള്ളി നുര കരയുന്നൂ

കറുകറുത്തതാമൊരോര്‍മ്മ ത.ന്‍  ചെളി-
ക്കളത്തില്‍ വീണപോല്‍ അകം ചുളിഞ്ഞവള്‍
,മുഖം കുനിഞ്ഞു പോയ്‌; തകര്‍ന്നിരിക്കുന്നൂ
ഒരു കൈത്താങ്ങിന്‍റെ .തണുപ്പില്ലാത്തവള്‍; 
തനിച്ചിരിക്കുമീയിവള്‍ക്കു തന്നുടല്‍
നിയതി തന്‍ കൈയ്യില്‍ കളിച്ചെപ്പാകുന്നു .
.
ഇവള്‍ക്കു  തന്‍ മനംതെളിഞ്ഞു കാണ്മതീ
പുഴക്കണ്ണാടിയില്‍  മുഖം മിനുക്കുമ്പോള്‍.
കഴിഞ്ഞു പോയതാം സുഖദജന്മങ്ങള്‍
മനത്തെളിമയില്‍ ഉയിര്‍ത്തുണരുമ്പോ.ള്‍
വിഷം പുരണ്ടപോല്‍ കലമ്പല്‍ കൂട്ടുന്ന
കരാളമാം  നിഴല്‍പ്പടങ്ങളുള്ളിലെ
ചുമരില്‍ നിന്നിഴഞ്ഞകന്നു പോകുന്നൂ,
മിഴിപ്പുഴപ്പെയ്ത്തില്‍  കലങ്ങിനീങ്ങുന്നു ...

തളിര്‍ത്തു .പൂമൊട്ടി.ന്‍ കരുത്തുമായ് ജല
പ്പരപ്പില്‍. താമരയുലഞ്ഞു  നീന്തുംപോല്‍
ഇവള്‍ ചിരിക്കുന്നൂ ,മനസ്സു കാണുമീ
പുഴ കണ്ണീരിന്‍റെ തിരകള്‍  മായ്ക്കുന്നു.

ഒരുചുമലില്‍ പോല്‍ മുഖവും താഴ്ത്തിയീ
പുഴക്കല്ലില്‍ സ്വയം മറന്നിരിക്കുവോള്‍
 പിറന്ന വീട്ടില്‍ പോല്‍ .തൊടിയിലെ തളിര്‍
തണലു പോല്‍ , നിലാക്കുളിരു പോല്‍
പകല്‍ക്കിനാവിന്‍റെ  മധുരമൂറുന്ന
സ്മിതവുമായ് മുങ്ങി കരയ്ക്കുകേറുന്നു.

കടത്തിറങ്ങിപ്പോമൊരുത്തരും തിരി –
ഞ്ഞൊരിക്കലും നോക്കാ കടവിലായ്
ഇറക്കി വയ്ക്കയായ് മുഷിഞ്ഞ സ്വപ്‌നങ്ങള്‍
അലക്കു കല്ലിന്മേല്‍  തപസ്സിരിക്കട്ടെ .
ഇനിയുമീ പുഴ കവിയുമ്പോളതിന്‍
തിരകളില്‍  മുങ്ങി  തെളിഞ്ഞുണരട്ടെ..

(ശാന്തകുമാരി വിജയന്‍ )

5 comments:

  1. ഗുരുപാദങ്ങളില്‍....

    ReplyDelete
  2. Puzha pole anarggalamaayi ozhukunnu ee manohara kavitha.. bhaavukangal.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. അലക്കുകല്ലുപോല്‍ അകമുറച്ചുപോയ്
    ചിരിച്ചൊഴുകുവാന്‍ പഠിക്കണമിനി......മനോഹരമായ കവിത .അഭിനന്ദനങ്ങള്‍ കവിയ്ക്കു ...അലക്കിത്തീരുംമുന്‍പേ മുഷിയും മനസ്സിന്റെ -- വിഴുപ്പില്‍ ഇഴപിഞ്ഞിത്തെളിയും ദ്വാരം ..കാലം

    ReplyDelete