Tuesday, 23 September 2014

കവിത

 



                                     സൂര്യകാന്തി



പൂവൊന്നുമില്ലെന്‍റെ   വാടിയില്‍ പൂമണം
തേടി  വരാറില്ല  ,തെന്നല്‍ പോലും .

ഇതളൂര്‍ന്നു  വീണതാം സ്വപ്നമൊന്നുണ്ടൊരു
കോണിലായ്    പ ടു മുള പൊട്ടി നില്‍പ്പൂ .
ഇരുള്‍ മൂടും  പാഴിലക്കൂനയ്ക്കരികില്‍  പൂ-
ചൂടാനായ്  മുക്കുറ്റി  കാത്തു നില്‍പ്പൂ .

 കാലിടറി ക്കൊണ്ടു   ഞാനീ വഴികളില്‍
 മുള്ളിനും  നോവറിയിച്ചിടാതെ
കണ്ണു  തുടച്ചെന്‍റെ   സങ്കടക്കെട്ടുകള്‍
 മാറത്തടുക്കി   പകച്ചു  നില്‍ക്കെ ,

കാല്‍ച്ചോട്ടില്‍ വീണു  കറുക ചോദിച്ചതെന്‍
കണ്‍കളില്‍ തേങ്ങിയോരശ്രു  ബിന്ദു.-
''ഏഴയാണെങ്കിലും  നിന്നുടെ നൊമ്പര -
പ്പാതി  ഞാനേല്‍ക്കാം ,  ഉടപ്പിറപ്പേ...''

മതി - മൊഴിയാടുന്ന  പുല്‍ക്കുരുന്നേ  , നിന്‍റെ
ഇമകളില്‍ മിന്നുന്ന  സ്നേഹ ബിന്ദു
തെളിയിച്ചു  നില്‍ക്കയാണാകാശം , തുടു  തുടു -
ത്തൊരു    സൂ ര്യകാന്തി യാകുന്നു  ചിത്തം.



( ശാന്തകുമാരി  വിജയന്‍ )




4 comments:

  1. സൂര്യാര്‍പ്പണം...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മതി - മൊഴിയാടുന്ന പുല്‍ക്കുരുന്നേ , നിന്‍റെ
    ഇമകളില്‍ മിന്നുന്ന സ്നേഹ ബിന്ദു
    തെളിയിച്ചു നില്‍ക്കയാണാകാശം , തുടു തുടു -
    ത്തൊരു സൂ ര്യകാന്തി യാകുന്നു ചിത്തം.
    മനോഹരം, വശ്യം, വാചാലം.

    ReplyDelete
  4. നോവു പകുക്കാന്‍ ഒരാള്‍ കൂടെയുണ്ടെങ്കില്‍ വേവില്ല നോവുകള്‍ എളുപ്പം ...ഹൃദ്യമായ വായന തന്നു ഈ മനോഹരമായ കവിത ...'മരനെയല്ല മണാളനെയല്ല നിന്‍ ..മാനംകാക്കുമോരാങ്ങള യെ ...."എന്ന onv യുടെ വരിയും ഓര്‍മ്മവന്നു ... ഉടപ്പിറപ്പേ...'എന്ന വിളികേട്ടപ്പോള്‍

    ReplyDelete