Monday, 18 March 2013



പുതിയൊരു  കിളിപ്പാട്ട്


കരയുന്നെന്തേ പക്ഷീ,വെയിലത്തിലത്തണല്‍--
ത്തട്ടിലെങ്ങാനും  ചിറകൊതുക്കിയിരിക്കാതെ ?
കരയുന്നെന്തേ ? വയര്‍ കത്തുന്ന തീയല്ല നിന്‍ കണ്‍കളില്‍ 
,തിളക്കുന്നോരഗ്നിയാണു ഞാന്‍  കാണ്മൂ .
കമ്പികള്‍ കൂട്ടിത്തല്ലും സ്വരത്തില്‍  പതംഗികേ
ചിതറിത്തെറിക്കുന്ന നൊമ്പരമേതൊന്നാവോ ?

ഇല്ലിവള്‍ക്കേകാനൊന്നും എന്‍റെയീ വാക്കിന്‍  നേര്‍ത്ത
തണുപ്പെന്നിയേ,പാവം! അതിന്‍റെ തൊണ്ടക്കുഴി—
ക്കുള്ളിലുണ്ടാമോ പാട്ടിന്‍ തരിയെങ്ങാനും പക്ഷെ?..
പുതിയ കിളിപ്പാട്ടിന്‍ രാഗമേതറിയില്ലാ
ഇത്തിരി ചുമപ്പിതിന്‍ ചുണ്ടിലുണ്ടതേ പോരും .
പാതിയും കരിഞ്ഞതാം തൂവലിന്‍  മറ നീക്കി --
യിത്തിരി മാംസക്കൂടിനുള്ളിലെ ഹൃല്‍സ്പന്ദത്തെ
തൊട്ടറിയുന്നേന്‍,അതിന്‍ നോവറിയുന്നേന്‍ പാവം
ഇവളും വാചാതീത സ്നേഹരൂപിയാണല്ലോ.!
കറുത്ത ചിറകുമായ് മക്കളെ തേടി തേങ്ങി
പാഞ്ഞുപോമൊരമ്മയെന്നിവളെയറിയുക...
‘’എത്രമേല്‍  കൊതിച്ചീല ഇവള്‍ തന്‍ സ്വപ്നത്തിന്‍റെ
നാരുകള്‍ കൂട്ടിത്തുന്നിയൊരു കൂടൊരുക്കുവാന്‍
ഒടുവിലലനാഥമായ് കൊച്ചുമക്കളെയേതോ
പാതയോരത്തെ മരപ്പൊത്തിലാണുപേക്ഷിച്ചു.
പാതയേതറിവീലാ..ആരുവാനറിയുന്നൂ
ആയിരം കിളിക്കൊക്കിലുണരും വിലാപത്തെ ?
മക്കളെത് ? അറിവീലാ !വിറച്ചും പതുങ്ങിയും
പാതിയും ഉയിര്‍കെട്ടോരായിരം  കുഞ്ഞുങ്ങളെ
പാതയിലെല്ലാം കാണ്മൂ –മക്കളാണവരെല്ലാം...
കാതരം മിഴികളില്‍ അഗ്നിനാമ്പുണരുവോര്‍ .

എന്‍റെ മക്കളേ,പെരുംവിശപ്പിന്‍  തീയാലല്ലാ
കണ്ണിലുജ്ജ്വലിക്കുന്നോരഗ്നിയാലീയമ്മയെ
മൂടുകെ,ന്നഭിശപ്തജന്മമൊന്നൊടുങ്ങട്ടെ ‘’

എന്തിനീ ദുരന്തത്തെ മറനീക്കി ഞാന്‍  കാണ്മൂ ...
എന്‍റെ പക്കലെന്തുണ്ടീ മൂകവേദനക്കേകാന്‍ !
ഇത്രമേലനാഥയോ  സഖി നീ  ഹര്‍ഷോന്മാദ-
ഗാത്രിയെന്നല്ലോ നിന്നെ ലോകര്‍ കാണുന്നൂ പണ്ടേ .
കളഗാനവീചികളെങ്ങനെ ആത്മാവിന്‍റെ
കദനങ്ങളെ കാണാമറയത്താക്കിപ്പോന്നൂ !
ദൂനമാം    നിന്നാത്മാവില്‍  നിന്നുയര്‍ന്നതാം മിഴി—
നീരിനെ പുളകാശ്രുവെന്നു ഞാനെണ്ണിപ്പോയി ...
നീ പൊറുക്കുക;ഞാനും വ്യഥിത—എന്നാത്മാവിന്‍
കദനങ്ങളെണ്ടേ പാടിയോള്‍ നീ താനല്ലോ ...
                      
                     (ശാന്തകുമാരി )   

7 comments:

  1. പ്രിയപ്പെട്ട ചേച്ചി,
    നല്ല കവിതയാണ്.
    എല്ലാ വരികളും ഇഷ്ടമായി.
    ആശംസകൾ നേരുന്നു.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഗിരീഷ്‌,എല്ലാം വായിക്കുന്നുണ്ടല്ലോ ,സന്തോഷം

      Delete
  2. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. നമസ്തേ സര്‍,
      നന്ടിപ്പെടുന്നു.,,സ്നേഹ പൂര്‍വ്വം .
      ,

      Delete
    2. പാതിയും ഉയിര്‍കെട്ടോരായിരം കുഞ്ഞുങ്ങളെ
      പാതയിലെല്ലാം കാണ്മൂ –മക്കളാണവരെല്ലാം...
      നല്ല വരികൾ. ഇനിയുമിനിയും ഇത്തരം കവിതകൾ പ്രതീക്ഷിക്കുന്നു

      Delete
  3. എത്ര മധുരം ഈ ഗീതം
    താളനിബദ്ധം
    ഒഴുക്കുള്ള ഈണം
    ആശംസകൾ കൂട്ടുകാരീ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete