Monday, 9 September 2013

കവിത



  സ്നേഹ താരം.

......... ....................
.............     ..........

രമ്യമീ സന്ധ്യാകാശം ,താഴെ നില്‍ക്കുവോര്‍  കാണും
ലോക മല്ലതെന്നാവാം ; എങ്കിലും  താഴേക്കെത്തും
രശ്മിയെ  വീണത്തന്തിയായിണക്കിനേന്‍ , സ്നേഹ -
ശ്രുതിയേ   വിരല്‍ തൊടും മാത്രയി ലുണരുന്നൂ!

ഹേ!വിദൂര താരകേ ,നീ വെളിച്ചത്തിന്‍  ദിവ്യ -
ദൗത്യമേന്തുവോളാണെന്നിന്നു  ഞാനറിയുന്നൂ.
വെളിച്ചം നോവാണെന്നുമറിയുന്നു  ഞാന്‍  സ്നേഹ -
നിമ്നഗേ,നീയെന്നാലും  എന്നിലെക്കൊഴുകുക...

നറും പാല്‍  വറ്റാചുണ്ടിന്‍  ജല്പനത്തിനും, നന്ദി-
പുരളാതുരുവിട്ട  വാക്കിനും ദൗഷ്ട്ട്യത്തിനും
മാപ്പരുളുക  നിത്യഭാസുരേ,  നീയീ  കൃഷ്ണ -
തുളസി ത്തറയിലെ   തിരിത്തുമ്പില്‍   വാഴുക!


(ഒരു  ദീര്‍ഘ കവിതയുടെ   അവസാന ഭാഗമാണിത്)

               ശാന്തകുമാരി വിജയന്‍ 

Thursday, 4 July 2013

കവിത

                         പെങ്ങള്‍


    ഉമ്മറത്തിണ്ണയില്‍  പെങ്ങളുണ്ടെ പ്പൊ ഴും
    നിറ വഴിക്കണ്ണുമായ്   കാത്തിരിക്കാന്‍

   .ഉറിയില്‍  ഒരുരിയരിച്ചോറുമായ്‌,  അതിനുപ്പു -
    ചേര്‍ക്കുവാന്‍  കരിമിഴിയിലിറ്റു  കണ്ണീരുമായ്,
    കാത്തിരിക്കുന്നിതാ,  പെങ്ങള്‍ -കിനാവിന്‍റെ
    കണ്‍പോള  ചാഞ്ഞുറങ്ങുന്ന  നേരം വരെ.

     ദൂര പഥങ്ങളില്‍,  ദൂര ദേശ ങ്ങളില്‍
     നേരിന്നു വേണ്ടി  പൊരുതുവോര്‍ക്കൊക്കെയും
     നേര്‍പെങ്ങളാണിവള്‍,  നേര്‍ന്നിരിപ്പൂ  ഹൃത്തില്‍
     ഇത്തിരി നേരിന്‍  വിശ പ്പു  മാത്രം . 
     ഇത്തിരി   നോവിന്‍ നിറവു  മാത്രം

    
       (   '  വിത  ' കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയകവിത)
                                  --  ശാന്തകുമാരി വിജയന്‍ --






Friday, 14 June 2013

കണ്ണാ...

           കണ്ണാ...

വരികയെന്‍ കണ്ണാ -ഞാന്‍ ഊണൊരുക്കി
കാത്തിരി പ്പാണെത്ര  നേരമായി ?
പാല്‍,വെണ്ണ ,മോരും  ,ഉരുളയാക്കി
വച്ചതാം  ചോറും  ഉറി ക്കലത്തില്‍
കാത്തിരി പ്പാ ണുണ്ണീ - കൂട്ടരൊത്തു
വേഗം  വരൂ-വിശപ്പായതില്ലേ..?

Tuesday, 7 May 2013

         


                       മുകുന്ദാ ..


.ഒരു  ചെമ്പകപ്പൂ  വിരിഞ്ഞ തൊടിയിലെ
കുളിര്‍കാറ്റു   വന്നെന്‍റെ  ജാലകത്തിന്‍
പിന്നിലൊളിച്ചു  തന്‍ കൈയ്യിലെ പൂമണം
മെല്ലെ എനിക്കായ്   പകുത്തു പോകെ
അറിയുന്നു ഞാന്‍ , എന്‍റെ കണ്ണനു നല്‍കുവാന്‍
സമ്മാനമാണ് നീ തന്നതല്ലോ !...

 കുരുവികള്‍  വന്നെന്‍റെ  തൊടിയിലെ പൂക്കളില്‍
നറുതേന്‍ വിരുന്നുമായ് കൂടിടുമ്പോള്‍
പാടുമീണങ്ങളില്‍ മധുരമായ് നിറയുന്ന
മധുവെന്‍റെ     മണിവര്‍ണനുള്ളതല്ലോ....

വന മുളംകാടിന്‍റെ യിടയിലൂടൊഴുകുന്ന
തെളിനീരരുവി തന്നുള്ളുപോലെ
മധുരമായ്   മുരളിയി ലൊഴുകുന്ന  പാട്ടുകള്‍
പകരം  തരികയില്ലേ  ,  മുകുന്ദാ ...

          (ശാന്തകുമാരി വിജയന്‍ )




Monday, 29 April 2013

 



                          സൗഹൃദം   



നീളുന്നു,  ജീവിതപ്പാതകള്‍,   കൈവഴി--
യായി   പിരിയുന്നു, സ്നേഹസ്വര്‍ഗംഗകള്‍
പാഥേയമില്ലാ, വെറും കൈയ്യുമായ്  തണല്‍-
പ്പാത  വക്കത്തു  തളര്‍ന്നിരിപ്പോളിവള്‍,
തെല്ലു മധുരം പുരട്ടിയൊരു പിടി -
നല്ല കാലത്തിന്‍  സ്മരണയേന്തുന്നവള്‍.

ഇല്ല, തളരില്ലൊരിക്കലും  സൗഹൃദ-
ത്തെന്നല്‍ സൗമ്യോദാരമീ  കൈ  പിടിക്കവേ
.ഇല്ല , പാദങ്ങളിടറില്ല : വേനലാം
പൂഴി മണ്‍പാതകളെത്ര  പിന്നിട്ടു  ഞാന്‍...



   ( ശാന്തകുമാരി  വിജയന്‍)






Wednesday, 24 April 2013

          


                     അടുക്കള പ്പാട്ടുകള്‍
 

1 മനസ്സ്


കറുത്ത മണ്കലം-അതിനുള്ളില്‍  വെണ്ണ-
തിരിഞ്ഞുയരാത്ത  തയിര്‍, കടകോലിന്‍
ദ്രുത ചലനത്തിലുണര്‍ന്നുലഞ്ഞേറെ
കലമ്പലോടിറ്റു  മിഴി നീരും വീഴ്ത്തി
തളര്‍ന്നു താഴുന്ന മനസ്സുപോല്‍ സ്വര-
ഗതിയോലും  താളം   ഹൃദയതാളമായ്
ഒരുവളും ;എന്‍റെ  അടുക്കളയ്ക്കക--
ത്തി രിപ്പാണെത്രനാള്‍!     ഇനിയുമെത്ര നാള്‍?


2 അഗ്നി 

അടുപ്പിലെ  അഗ്നി    ഒരിക്കലും  കുഞ്ഞേ
കെടുത്തരുതെന്നു പറഞ്ഞു പണ്ടു പെണ്‍-
കിടാങ്ങളോടൊരു  മുതു മുത്തശ്ശി,യാ-
പഴയ വാക്കിനാല്‍ അവരിന്നും മനം
കെടാത്ത  നോവിനാലെരി യിച്ചു   നില്‍പ്പൂ.


അടുപ്പിലെ തീയും ,അകത്താളും നോവും
കെടാതെ  കാക്കുവോരിവര്‍ക്കു മുറ്റത്തെ
കറിവേപ്പിന്‍ കൊമ്പത്തിരുന്നു    ദൂഷണം
പറഞ്ഞു കേള്‍പ്പിക്കാനൊരു    കരിംകാക്ക...


3 നന്ദി

അടുക്കള വാതില്‍പ്പുറ ത്തു   വാലാട്ടി -
പ്പതുങ്ങി നില്‍ക്കുന്നൂ  കറുത്ത  നായ്ക്കുട്ടി.
എറിഞ്ഞോടിച്ചാലുമതു  വീണ്ടും  പങ്ങി-
പ്പതുങ്ങി യെത്തുമ്പോള്‍  ,ഒരു പിടി ച്ചോറിന്‍
നനുത്ത  വാത്സല്യം  വിളമ്പുമീയമ്മ.
കളിവാക്കെന്നോണം ചിലപ്പോള മ്മ  തന്‍
പരിഭവം --''  നന്ദിയിതിന്നേറും ,  പക്ഷെ..!  ''

Wednesday, 3 April 2013

കാവ്യ കണങ്ങള്‍

           
             സ്ത്രീ
      

                   
                      1


       പെയ്തൊഴിയാതെ  ചീര്‍ത്തു നില്‍ക്കുവാന്‍   വര്‍ഷര്‍ത്തുവിന്‍
       മിഴിപ്പീലികള്‍  മാത്രം - എന്തിതിന്‍ പൊരുളാവോ!

     


                        2

      പൊന്‍ നുറുങ്ങായി   ജന്മമിരുളില്‍ കുരുങ്ങിപ്പോയ്
      എങ്കിലും പുണ്യം--ഞാനീ  മണ്ണിലാണല്ലോ   വീണൂ.
                     
                        3

      നീ  ത്യജിച്ചതാമോരോ  ജീവബിന്ദുവും   പെയ്തു -
       പെയ്ത ലിഞ്ഞിള   പുത്രപൂര്‍ണ്ണയായ്   ലസിക്കുന്നൂ...

                       4

       ക്ഷുദ്ര മാനസയെന്നു   ഹസിപ്പൂ ലോകം   ഭദ്ര -
      ദീപമൊന്നെന്നാത്മാവില്‍ കതിര്‍വീശി ടുമ്പോഴും
      താരിലെ  തുഷാരം  പോല്‍ മിഴിനീര്‍കണങ്ങളെ ന്‍
      കരളിന്‍ ദലങ്ങളെ  എണ്ണിനോക്കുന്നൂ ,വീണ്ടും

                          5

       മീന മാസത്തിന്‍ കുളിര്‍ത്തേക്കുപാട്ടിനാല്‍
       ആര്‍ദ്രമായ്‌ തീര്‍ന്ന നിലാവിന്‍ നുറുങ്ങുകള്‍
       കൈ പിടിച്ചോടിയോ   പോയ    ഹര്‍ഷങ്ങളില്‍
       വീണ്ടും  മുഖം  പൂഴ്ത്തി  നില്‍ക്കുന്നു ചേതന !