സ്നേഹ ദൂത്
ഹൃത്തിന്നറകളില്‍ താഴിട്ടു നിര്‍ത്തിയ
സ്നേഹക്കിളിക്കൂട്ടമെല്ലാം
ഓര്‍മ്മതന്‍ ചപ്പിലകൂനമേല്‍ വന്നിരു-
ന്നന്നം ചികയുന്ന പോലെ
ഓമല് ചിറകുകള് വീശി കലപില
പാട്ടുമായ് ചുറ്റിനില്‍ക്കുന്നൂ .
സന്ധ്യതന്‍ പിന്നിലൊതുങ്ങിയീറന്‍ മിഴി
പൊത്തുന്ന കാറ്റിന്നു കൂട്ടായ്,
ഇരുളു ചേക്കേറുന്ന ചില്ലയാം രാത്രിക്കു
സഖിയായി മിന്നാംമിനുങ്ങായ്,
പാതിരാമുറ്റത്തു
വന്നുനിന്നൊറ്റയ്ക്കു
തേങ്ങിക്കരയും മഴയായ് ,
കുന്നിന്നുമേല്‍ വന്നിടിവാളുലയ്ക്കുന്ന
കരിമുകില്‍ക്കണ്ണി.ല്‍ പെടാതെ,
തോളത്തുതൊട്ടു വിളിയ്ക്കയാണോര്‍മ്മകള്‍
ചിരിമാഞ്ഞ തോഴിയെ പോലെ ....
വരിക നീയെന്‍
പ്രിയതോഴീ പഴയപോല്‍
ജാലകപ്പിന്നില്‍ നാമൊപ്പം
മിഴിയിണക്കോണിലെ സ്വപ്നങ്ങ.ള്‍ പങ്കിട്ടു
പൊട്ടിച്ചിരിച്ചതും ഓര്‍ക്കാം..
.
.
നീലമേഘങ്ങള്‍ ചിതറിയൊരാകാശ –
ചിത്രങ്ങളില്‍ മിഴിവാര്‍ന്ന
സൗന്ദര്യസങ്കല്‍പമൊക്കെയും ഹൃത്തിലൊ
ളിപ്പിച്ചതും ഓര്‍ത്തിരിക്കാം...
വെള്ളപ്പളുങ്കുപോല്‍ വീണു തകര്‍ന്നതാം
സ്വപ്നങ്ങള്‍ തൊട്ടു മുറിയാം.
കാലൊച്ചപോലും പറഞ്ഞില്ല യാത്രാ –
മൊഴിയെന്നു മെല്ലെ കരയാം.
ദൂരങ്ങളില്‍ ചേക്കയേറിയ പൈങ്കിളി-
യിപ്പൊഴും പാടുന്നതായി
കാതോര്‍ത്തു നോക്കാം , പഴയൊരീണം മൂളി
ഒരു കാറ്റു ദൂതു വന്നാലോ ...!
ചേലതന്‍ തുമ്പത്തു ഞാലുമീണത്തില്‍ നി-
ന്നൊരു സ്നേഹദൂതു തന്നാലോ....!
ഒരു സ്നേഹദൂതു തന്നാലോ...!
(ശാന്തകുമാരി വിജയന് )
guru pranaamam
ReplyDelete