വിഷുക്കാഴ്ച
കണ്ടു, ഞാന്‍ കണി - താരകപ്പൂവുകള്‍
ഉതിരുമാകാശ മുറ്റം പുലര്‍ച്ചയില്‍ .
കണ്ടു ഞാന്‍ കണി ,പച്ചില ച്ചില്ലകള്‍
മഞ്ഞു നീരില്‍ നനഞ്ഞു നില്‍ക്കുന്നതും ;
കുഞ്ഞു പൂവുകള്‍ കണ്മിഴിക്കുന്നതും;
കറുകനാമ്പില്‍ ജലകണം തൊട്ടതും ;
ചെമ്പരുത്തികള്‍ കണ്‍ചുവന്നെപ്പോഴോ
കണ്ണുനീരു തുടച്ചെഴുന്നേറ്റതും;
വേലി യോരത്തിരുന്നു പെണ്‍പൂച്ച തന്‍
കുഞ്ഞിനായ് ഇറ്റു പാലു യാചിച്ചതും;
വയറു കാഞ്ഞു നിലവിളിക്കുന്നൊരു
കുഞ്ഞിനെ പെറ്റതള്ള തല്ലുന്നതും ;
ആല്‍ത്തറയിലതിന്നൊച്ച പൊങ്ങവേ
പ്രാക്കുമായൊരാള്‍ വേച്ചു നീങ്ങുന്നതും;
ഏറു കൊണ്ടൊരു നായ മോങ്ങുന്നതും
പേടിയോടെ തിരിഞ്ഞു പായുന്നതും
കണ്ടു ഞാന്‍ കണിക്കാഴ്ച്ചകള്‍- ദീനത-
യാര്‍ന്ന നാടിന്‍ പുലരി ത്തുടിപ്പുകള്‍.
പിന്നെ ഞാന്‍ കണ്ടു, വെള്ളരി താലത്തില്‍
നാളികേര വിളക്കിന്നരികിലായ് ,
വെളുവെളുത്ത ചിറകു കരിഞ്ഞൊരു
പറവ നൊന്തു നിലവിളിക്കുന്നതായ് .
അരിമണികള്‍ പെറുക്കുവാനെത്തിയ
കരിയുറുമ്പിനും പൊള്ളിയോ കാലുകള്‍?
വേഗമാര്‍ന്നു ഴലുന്നതു മക്കളെ-
യൂട്ടുവാനോ തിടുക്കമിന്നെന്തിനോ..?
എണ്ണമറ്റതാം ദൈന്യങ്ങള്‍ നീളവേ
മണ്ണിലെന്തിനാണീ വിഷുക്കാഴ്ചകള്‍...!
അമ്മ ദൂരെയിരുന്നു...വിഷുക്കണി
വയ്ക്കുവാന്‍ മക്കളാരു മെത്താത്ത തില്‍
നീറുമുള്ളമോടെങ്കിലും, പൊന്നുറി-
ത്തട്ടിലന്നവും കണ്ണിലെ യഗ്നിയും
കാത്തു കാത്തു വഴിക്കണ്ണുമായ്, ഇളം
തിണ്ണചേര്‍ന്നൊരു നൈവിളക്കെന്നപോല്‍
കത്തി നില്‍ക്കുമ്പോള്‍....വേണ്ടതില്ലാവിഷു
കാഴ്ചകള്‍- മന്നിലെന്തുണ്ടു പുത്തനായ് !
അമ്മ കാണിച്ചു തന്നതാം കാഴ്ചകള്‍ ,
കണ്ണിലെന്നും നിറഞ്ഞു നിന്നീടണം
(ശാന്തകുമാരി വിജയന്‍)
ഗുരു വന്ദനം ...
ReplyDelete.
അമ്മ കാണിച്ചു തന്നതാം കാഴ്ചകള്‍ ,
ReplyDeleteകണ്ണിലെന്നും നിറഞ്ഞു നിന്നീടണം
എന്റെ പ്രാർത്ഥനയും അതുതന്നെ. ഗൃഹാതുരത്വം ഉണർത്തുന്നു ഈ കാഴ്ചകൾ.