Saturday, 17 November 2012


            വിഷു പ്രഭാതത്തില്‍


പുലരിക്കതിരൊളിയൊളിക്കും  കണിക്കൊന്ന -
പ്പൂവുകള്‍സുവര്‍ണശ്രീയണിയും വിഭാതത്തില്‍
അകലെ വിഷുപ്പക്ഷിയിരുളിന്‍‍  മുഖം തേടി -
യലയുന്നുണ്ടാമിളം  വെയിലിന്‍  തിരയ്ക്കുള്ളില്‍

പതുങ്ങി ചെല്ലും ;പയ്യെ കണ്ണുപൊത്തിയിട്ടാ  പൂ -
മ്പൊടി കട്ടെടുക്കുമാ  കള്ളനാമുണ്ണിക്കണ്ണന്‍
കുണുങ്ങിക്കൂടും  കുരുക്കുത്തി മുല്ല തന്‍കാതില്‍
കുതുകാല്‍  പാടുന്നുവോ കുസൃതിക്കവിതകള്‍

പൊന്നലുക്കുകള്‍ക്കുള്ളില്‍‍  മിന്നുമീ കണിക്കൊന്ന -
പെണ്ണിനു കുളിരല ചേല  നെയ്തീടും കാറ്റേ
പച്ചിലത്താലത്തില്‍ നിന്നൊരു കൈക്കുമ്പിള്‍  പൂക്കള്‍
പിച്ചിയിട്ടാലും ;വിഷുക്കണി ഞാനൊരുക്കട്ടെ .

വെള്ളരിത്താലത്തിലെ  ഇളനീര്‍വിളക്കൊളി -
നാളമൊത്തൊരു  ദീപമെന്നിലും തെളിയിക്കാന്‍
സ്നേഹത്താലുദ്ദീപ്തമാം നാളത്തെ പുലരിപ്പൂ -
ക്കണി കാണുവാന്‍മോഹപ്പക്ഷികളുണരുന്നു .

രാത്രിതന്‍‍  പരിഭവക്കാര്‍ മുഖത്തൊരു വെള്ളി -
രേഖ പോലുദയ പ്പൂത്തിരികളെരിയവെ
ഇരുളിന്‍ തല കൊയ്യാനുണരും സുദര്‍ശന -
രശ്മിയില്‍‍  പൂമൊട്ടുകളെന്നിലും  വിരിഞ്ഞെങ്കില്‍ .
                                    
                          
ശാന്തകുമാരി   വിജയന്‍ .
                       

6 comments:

  1. പൊന്നലുക്കുകള്‍‍ക്കുള്ളില്‍‍ മിന്നുമീ കണിക്കൊന്ന -
    പെണ്ണിനു കുളിരല ചേല നെയ്തീടും കാറ്റേ
    പച്ചിലത്താലത്തില്‍ നിന്നൊരു കൈക്കുമ്പിള്‍ പൂക്കള്‍
    പിച്ചിയിട്ടാലും ;വിഷുക്കണി ഞാനൊരുക്കട്ടെ .

    മനോഹരമായ വരികൾ. ഇനിയും എഴുതുക. മറ്റുള്ളവരുടെ ബ്ലോഗ്‌ വായിച്ച്‌ അഭിപ്രായം കുറിക്കുക. എല്ലാ ആശംസകളും

    ReplyDelete
  2. പുതിയ ബ്ലോഗർ ആണെന്നു തോന്നുന്നു. സുസ്വാഗതം. കവിത ഇഷ്ടപ്പെട്ടു. തുടർന്നും എഴുതുമല്ലോ.

    ReplyDelete
    Replies
    1. നബിതയുടെ ബ്ലോഗ്‌ വായിക്കുന്നുണ്ട് . അഭിപ്രായം എഴുതിയതിനു നന്ദി.

      Delete
  3. പ്രിയപ്പെട്ട സുഹൃത്തെ,
    കൊതിപ്പിക്കുന്ന മനോഹരമായ വരികള്‍
    കവിത വളരെ സുന്ദരം
    മറ്റു കവിതകളും വായിക്കുന്നു
    ആശംസകള്‍
    സ്നേഹത്തോടെ,
    ഗിരീഷ്

    ReplyDelete
  4. ഗിരീഷ്‌ ന്‍റെ ബ്ലോഗ്‌ മുന്‍പൊരിക്കല്‍ ഞാന്‍ നോക്കിയിട്ടുണ്ട്.ഇനി നോക്കാം നല്ല വാക്കുകള്‍ക്ക് നന്ദി. ഞാന്‍ ബ്ലോഗ്ഗില്‍ പുതിയതാണ് . എനിക്കും കവിതകളാണ് കൂടുതലിഷ്ട്ടം.

    ReplyDelete
  5. പൊന്നലുക്കുകള്‍‍ക്കുള്ളില്‍‍ മിന്നുമീ കണിക്കൊന്ന -
    പെണ്ണിനു കുളിരല ചേല നെയ്തീടും കാറ്റേ
    പച്ചിലത്താലത്തില്‍ നിന്നൊരു കൈക്കുമ്പിള്‍ പൂക്കള്‍
    പിച്ചിയിട്ടാലും ;വിഷുക്കണി ഞാനൊരുക്കട്ടെ .


    ഇല്ല സംശയം കാറ്റില്‍ കൈകളീ മൃദുസ്വനം
    ഫുല്ലമാക്കുവാനെത്തും ! ഇക്കണി മനോഹരം.

    ReplyDelete