Friday, 14 September 2012

                 മീര 

കൃഷ്ണാ നിന്‍ കാല്‍ക്കലര്‍പ്പിക്കുന്നു ഞാനെന്റെ 
വീണ തന്‍ ജീവസംഗീതം
കൃഷ്ണാ നിന്‍ നെഞ്ചില്‍ നീയേല്‍ക്കുക  ഭക്തിയാല്‍ 
ആര്‍ദ്രമായ്‌ തീര്‍ന്ന മല്പ്രേമം .

വിഷപത്രമാണെന്റെ മുന്നിലെന്നുള്‍ക്കണ്ണ്‍ 
കാണുന്നതോ  കൃഷ്ണരൂപം .
ഇതു മീര -ഏതേതു രൂപങ്ങളില്‍ കൃഷ്ണ-
നിവളെ തപിപ്പിച്ചിടുന്നു 

നിറപാത്രമായി തുളുമ്പുന്ന രോഷമായ് 
പതിദേവനെന്മുന്നില്‍ നില്‍പ്പൂ 
അമ്രുതോപമം തന്നെ കൃഷ്ണാ ,നിന്നെ പ്രതി 
ഇവളശിക്കുന്നോരീ വിഷവും

വനചാരിയാം ഗോപതരുണന്റെ കാലടി-
പ്പാടുകള്‍ പിന്തുടര്‍ന്നെത്തി 
മഴ പോലെ എന്നും ആഹ്ലാദത്തിലും തീവ്ര -
വ്യഥയിലും മിഴിനീരു പെയ്തോള്‍ 
ഇതു മീര-കണ്ണന്റെ ഇടയഗീതങ്ങളില്‍ 
കുതികൊള്ളൂമാത്മാവ് പോലെ .

മീരതന്‍ പാട്ടിലൂടെവിടെയും യദുകുല -
നാഥനവതരിക്കുമ്പോള്‍ ,
അറിയുന്നതില്ലവള്‍  ബന്ധനം വീണയില്‍ -
ഉണരുന്ന ജീവസ്സിലെന്യേ .
ചെങ്കോലിനാല്‍ ജയിച്ചീടുവാനാകാത്ത 
ഹൃദയത്തെയൊരുമുളംതണ്ടാല്‍
സംഗീതസാന്ദ്രമായ് തീര്ത്തുവല്ലോ നിന്റെ-
ആത്മാവിലൊട്ടിടം നല്‍കി.
ഇതുമീര-  കണ്ണന്റെ കൈവെള്ളയില്‍ മെല്ലെ -
യുരുകുന്ന നറുവെണ്ണ  പോലെ .
ഇനിയേതു ജന്മത്തിലും കൃഷ്ണാ നിന്നെ ഞാന്‍ 
ഇതുപോല്‍ വരിക്കുവാന്‍ മാത്രം 
വരമൊന്നു നല്‍കുക ഇവളിലും മീതെയായ്‌ 
നിന്നെ സ്നേഹിക്കുവാന്‍ മാത്രം 

ഇത് മീര കൃഷ്ണാ ഞാന്‍ അവിടുത്തെ രാധ തന്‍ 
ആത്മാവിലെ പ്രേമനാളം 
കൃഷ്ണാ നിന്‍ നെഞ്ചില്‍ നീയേല്‍ക്കുക  ഭക്തിയാല്‍ 
ആര്‍ദ്രമായ്‌ തീര്‍ന്ന മല്പ്രേമം .

                         ശാന്തകുമാരി  വിജയന്‍ 

1 comment:

  1. നല്ല കവിത. തുടർന്നും ബ്ലോഗിൽ എഴുതണം.
    Word verification എടുത്തുകളയുക.

    ReplyDelete